റിയാദ്: തൊഴിൽ, വിസാ നിയമങ്ങൾ ലംഘനത്തിന് പിടിയിലായി റിയാദിലെ നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞ 20 മലയാളികളടക്കം 290 ഇന്ത്യക്കാർ കൂടി തിങ്കളാഴ്ച നാട്ടിലെത്തി. അടുത്ത ദിവസങ്ങളിൽ പിടിയിലായവരടക്കം 400ഒാളം പേർ റിയാദിലെ കേന്ദ്രത്തിൽ മാത്രം ബാക്കിയുണ്ട്. വരും ദിവസങ്ങളിൽ ഇവരെയും നാട്ടിലയക്കും.
ഇതോടെ കോവിഡ് തുടങ്ങിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തിയ നിയമലംഘകരായ ഇന്ത്യക്കാരുടെ എണ്ണം 2971 ആയി. സൗദി എയർലൈൻസ് വിമാനത്തിൽ ഡൽഹിയിലേക്കാണ് തിങ്കളാഴ്ച അവസാന സംഘം പോയത്. റിയാദിൽ നിന്ന് രാവിലെ 10ഒാടെ പുറപ്പെട്ട ഇവർ രാത്രിയോടെ ഡൽഹിയിലെത്തി.
കോവിഡ് പ്രോേട്ടാക്കോൾ പ്രകാരമുള്ള മുൻകരുതലുകൾ സ്വീകരിച്ച് ഇവരെല്ലാം സ്വദേശങ്ങളിൽ എത്തിച്ചേരും. 20 മലയാളികളെ കൂടാതെ 11തമിഴ്നാട്ടുകാരും 15 ആന്ധ്രപ്രദേശുകാരും 22 ബിഹാർ സ്വദേശികളും 116 ഉത്തർപ്രദേശുകാരും 54 പശ്ചിമബംഗാൾ സ്വദേശികളും 18 രാജസ്ഥാനികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
റിയാദിലെ തർഹീലിൽ അവശേഷിക്കുന്നതിൽ മലയാളികളടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. തർഹീലിൽ നിന്ന് ഉൗഴമനുസരിച്ച് നിയമലംഘകരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നത് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ രാജേഷ് കുമാർ, യൂസുഫ് കാക്കഞ്ചേരി, അബ്ദുൽ സമദ്, തുഷാർ എന്നിവരാണ്.
ഒടുവിൽ പോയ സംഘത്തിലുള്ളവരും ഇഖാമ പുതുക്കാത്തവരും ഹുറൂബ് നിയമകുരുക്കിലായവരും തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്. ഇൗ കുറ്റങ്ങൾക്ക് പിടിയിലായവരാണ് തർഹീലിൽ ബാക്കിയുള്ളതും. ഇവരുടെയും യാത്രരേഖകൾ ശരിയായി വരികയാണെന്നും രണ്ട് ദിവസത്തിനുള്ളിൽ തന്നെ കയറ്റി അയക്കാനാവുമെന്നും എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ സൗദി അറേബ്യയിൽ, വിവിധ നിയമലംഘകരെ കണ്ടെത്താനുള്ള പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ദിനംപ്രതി നിരവധി വിദേശികളാണ് പിടിയിലാകുന്നത്. അതിൽ നല്ലൊരു പങ്ക് ഇന്ത്യാക്കാരും ഉൾപ്പെടുന്നുണ്ട്. രാജ്യ വ്യാപകമായി ആഭ്യന്തര, തൊഴിൽ മന്ത്രാലയങ്ങൾ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.
രാജ്യത്ത് വിവിധ ഭാഗങ്ങളിൽ പിടിയിലാകുന്നവരെ ഒടുവിൽ നാട്ടിലേക്ക് കയറ്റിവിടാൻ വേണ്ടി റിയാദിലും ജിദ്ദയിലുമുള്ള തർഹീലുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. റിയാദ് അൽഖർജ് റോഡിൽ ഇസ്കാനിലാണ് തർഹീലുള്ളത്. ഇതുവരെ 10 സൗദി എയർലൈൻസ് വിമാനങ്ങളാണ് ഇന്ത്യൻ നിയമലംഘകരുടെ മടക്കയാത്രയ്ക്ക് ഉപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.