റിയാദ്: ഭക്ഷ്യ, മരുന്ന് സുരക്ഷനിയമം ലംഘിക്കുന്നവർക്ക് പരമാവധി 10 വർഷം തടവും ഒരു കോടി റിയാൽ പിഴയും ശിക്ഷ ചുമത്തുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) അറിയിച്ചു.എല്ലായിനം ഭക്ഷണവസ്തുക്കളും കന്നുകാലി തീറ്റയും മരുന്നും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്ത് ഉൽപാദിപ്പിക്കുകയോ ഇറക്കുമതി ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങളോ വ്യക്തികളോ നിയമലംഘനങ്ങൾ നടത്തിയാൽ കർശന ശിക്ഷനടപടി നേരിടേണ്ടിവരും. ഭക്ഷണത്തിൽ മായം ചേർത്തെന്ന് തെളിഞ്ഞാൽ അത് നടത്തുവർക്ക് 10 ലക്ഷം മുതൽ ഒരു കോടി വരെ റിയാൽ പിഴ ശിക്ഷ ചുമത്തും. ഇൗ നിയമലംഘനം ആവർത്തിച്ചാൽ 10 വർഷത്തിൽ കവിയാത്ത തടവുശിക്ഷയോ ഒരു കോടി റിയാൽ പിഴശിക്ഷയോ രണ്ടും കൂടിയോ നൽകും. ഭക്ഷ്യസുരക്ഷ നിയമത്തിലെ ആർട്ടിക്ൾ 16 പ്രകാരമാണ് ശിക്ഷനടപടിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
വിഷമയമായേതാ മൃഗങ്ങൾക്ക് ദോഷകരമായ വസ്തുക്കളോ അടങ്ങിയ കന്നുകാലിത്തീറ്റ ഉൽ പാദിപ്പിക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ രണ്ട് ലക്ഷം മുതൽ 10 ലക്ഷം വരെ റിയാൽ പിഴ ചുമത്തും. ഉൽപന്നം പിടിച്ചെടുത്ത് നശിപ്പിക്കും. കന്നുകാലി തീറ്റ സുരക്ഷ നിയമത്തിലെ 15ാം ആർട്ടിക്ൾ രണ്ടാം ഖണ്ഡിക പ്രകാരമാണ് നടപടി. രാജ്യത്ത് വിൽപന നടത്താൻ അനുവാദമുള്ള ലിസ്റ്റിൽ ഉൾപ്പെടാത്ത സൗന്ദര്യ വർധക വസ്തുക്കൾ പരസ്യം ചെയ്താലും സൗന്ദര്യ വർധകവസ്തുക്കളുടെ പരസ്യം തയാറാക്കുേമ്പാൾ പാലിക്കേണ്ട നിബന്ധനകളും നിയന്ത്രണങ്ങളും ലംഘിച്ചാലും 50 ലക്ഷം റിയാൽ വരെ പിഴ ശിക്ഷ ചുമത്തും.
കോസ്മെറ്റിക് ഉൽപന്ന സുരക്ഷനിയമത്തിലെ ആർട്ടിക്ൾ 21 പ്രകാരമാണ് നടപടി. ലൈസൻസില്ലാതെ വെറ്ററിനറി കോസ്മെറ്റിക് ഉൽപന്നങ്ങൾ കൈമാറ്റം ചെയ്താൽ പരമാവധി ശിക്ഷ 50 ലക്ഷം റിയാലാണ്. ഉൽപന്നങ്ങൾ സംബന്ധിച്ച് വ്യാജ വിവരങ്ങൾ നൽകി ലൈസൻസ് നേടിയെന്ന് തെളിഞ്ഞാലും ശിക്ഷയുണ്ടാവും. മെഡിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ നിയമലംഘനം നടത്തിയാൽ സ്ഥാപനത്തിെൻറ ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ ലൈസൻസ് തിരിച്ചുവാങ്ങുകയോ ഉൽപന്ന വിതരണം തടയുകയും വിപണിയിൽ നിന്ന് പിൻവലിപ്പിക്കുകയും വിപണാനുമതി റദ്ദാക്കുകയും ചെയ്യും. കുറ്റം തെളിഞ്ഞാൽ കൂടുതൽ ശക്തമായ ശിക്ഷനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
രാജ്യത്തെ പൗരന്മാരുടെയും വിദേശി സമൂഹത്തിെൻറയും ആരോഗ്യസുരക്ഷക്കാണ് പ്രാധാന്യം കൽപിക്കുന്നതെന്നും അത് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്നതോ പ്രാദേശികമായി നിർമിക്കപ്പെടുന്നതോ ആയ ഭക്ഷ്യവസ്തുക്കൾ, മരുന്ന്, മെഡിക്കൽ ആൻഡ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവയുടെ കാര്യത്തിൽ കർശന നിരീക്ഷണം തുടരുമെന്നും നിയമലംഘനങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി. അതോറിറ്റിയുടെ ലബോറട്ടറികളിൽ മുഴുവൻ ഉൽപന്നങ്ങളുടെയും സാമ്പ്ളുകൾ പരിശോധനക്ക് വിധേയമാക്കുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.