റിയാദ്: ഒരാഴ്ചക്കിടെ 7,005 ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സൗദിയിൽനിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 15 മുതൽ 21 വരെയുള്ള ദിവസങ്ങളിലാണ് വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെൻററുകളിൽനിന്ന് ഇത്രയും നിയമലംഘകരെ നാടുകടത്തിയത്.
ഇക്കാലയളവിൽ വിവിധ പ്രവിശ്യകളിൽ സുരക്ഷ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 6,481 ഇഖാമ നിയമ ലംഘകരും 3,427 നുഴഞ്ഞുകയറ്റക്കാരും 2,050 തൊഴിൽ നിയമ ലംഘകരുമടക്കം ആകെ 11,958 നിയമലംഘകർ പിടിയിലായി. അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 403 പേരും അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യംവിടാൻ ശ്രമിച്ച 90 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നൽകിയ എട്ടു പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി.
നിലവിൽ ഡീപോർട്ടേഷൻ സെൻററുകളിൽ കഴിയുന്ന 33,160 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരുകയാണ്. ഇക്കൂട്ടത്തിൽ 27,665 പേർ പുരുഷന്മാരും 5,495 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് മുന്നോടിയായി 24,529 പേർക്ക് താൽക്കാലിക യാത്രാരേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 2,564 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ നടപടികൾ സ്വീകരിച്ചുവരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.