ജിദ്ദ: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്ക്വാഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 11,614ലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മേയ് 25 മുതൽ 31 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളമുള്ള സുരക്ഷസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പയിനിടെയാണ് അറസ്റ്റ് നടന്നതെന്ന് മന്ത്രാലയം അറിയിച്ചു. 6,738 ഇഖാമ നിയമലംഘകരും 3,618 അതിർത്തി സുരക്ഷ ചട്ട ലംഘനം നടത്തിയവരും 1,258 തൊഴിൽ നിയമലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 654 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 41 ശതമാനം യമനികളും 55 ശതമാനം ഇത്യോപ്യക്കാരും നാല് ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 44 പേരെ സുരക്ഷ വകുപ്പ് പിടികൂടി.
തൊഴിൽ-താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനുമാണ് 14 പേരെ പിടികൂടിയത്. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 28,927 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ എടുത്തുവരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 24,134 പേർ പുരുഷന്മാരും 4,793 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 22,322 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
ഒരാഴ്ചക്കിടെ 6,356 നിയമലംഘകരെ രാജ്യത്തുനിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്നവരുടെ ഗതാഗത മാർഗങ്ങളും താമസസ്ഥലങ്ങളും കണ്ടുകെട്ടുമെന്നും ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി ഒരുലക്ഷം റിയാൽ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.