റിയാദ്: മേഖലയിൽ നിയമലംഘനങ്ങൾ തുടരുന്നത് രാഷ്ട്രീയ സംഘർഷം വർധിപ്പിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഖത്തറിൽ നടന്ന ഏഷ്യൻ കോ ഒാപറേഷൻ ഡയലോഗ് മൂന്നാമത് ഉച്ചകോടിയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രതിനിധിയായി പങ്കെടുത്തപ്പോഴാണ്വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
സാമ്പത്തികമോ രാഷ്ട്രീയമോ സാംസ്കാരികമോ ആയ വിവിധ മേഖലകളിൽ ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള വേദിയുടെ പ്രാധാന്യത്തിന് സൗദി ഊന്നൽനൽകുന്നുവെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ സംഘർഷഭരിതമായ രാഷ്ട്രീയ, സുരക്ഷ സാഹചര്യങ്ങളിൽനിന്ന് വികസന വെല്ലുവിളികളെ വേർതിരിക്കാനാവില്ല.
സാമ്പത്തിക വികസനത്തിനും വാണിജ്യ പുരോഗതിക്കും വലിയ തടസ്സമായി നിൽക്കുന്ന ഫലസ്തീനിലെയും ലബനാനിലെയും നിലവിലെ സംഭവങ്ങളുടെ വെളിച്ചത്തിലാണിത് പറയുന്നതെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. മേഖലയിലെ തുടർച്ചയായ ആക്രമണങ്ങളും ലംഘനങ്ങളും അന്താരാഷ്ട്ര വ്യാപാരത്തിെൻറ ചലനത്തെ തടസ്സപ്പെടുത്തുന്നു.
മേഖലയിലെ രാജ്യങ്ങളും ലോകവും തമ്മിലുള്ള നിക്ഷേപങ്ങളുടെ ഒഴുക്കിനെയും സാമ്പത്തിക സഹകരണത്തെയും ഭീഷണിപ്പെടുത്തുന്ന രാഷ്ട്രീയ പിരിമുറുക്കങ്ങൾ ഇത് വർധിപ്പിക്കുന്നു. മേഖലയുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിന് സമാധാനപരവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ പ്രാദേശിക സംഘർഷങ്ങൾ പരിഹരിക്കേണ്ടതിന് പ്രാധാന്യമുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഏഷ്യൻ കോഓപറേഷൻ ഡയലോഗ് രാജ്യങ്ങൾക്ക് ദ്വിരാഷ്ട്ര പരിഹാരത്തിനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനും ഞങ്ങൾ നന്ദി പറയുന്നു. ഇത് പിന്തുടരാൻ ഞങ്ങൾ ലോകത്തിലെ മറ്റ് രാജ്യങ്ങളോട് അഭ്യർഥിക്കുന്നു.
ഇതാണ് ദ്വിരാഷ്ട്ര പരിഹാരം നടപ്പിലാക്കാൻ അന്താരാഷ്ട്ര സഖ്യം സ്ഥാപിക്കുന്നതിൽ ഞങ്ങളുടെ സഹോദരങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഭാവന നൽകാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. നയതന്ത്ര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കായികരംഗത്ത് വർധിച്ചുവരുന്ന പങ്ക് മന്ത്രി സൂചിപ്പിച്ചു.
ക്രിയാത്മകമായ സംഭാഷണങ്ങൾ സുഗമമാക്കുന്നതിനും സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള ഫലപ്രദമായ മാർഗമെന്ന നിലയിൽ കായിക നയതന്ത്രത്തിന്റെ പ്രാധാന്യത്തിൽ സൗദി വിശ്വസിക്കുന്നു. നിരവധി പ്രധാന കായിക മത്സരങ്ങൾ നടത്തി ഈ മേഖലയെ ശക്തിപ്പെടുത്തുന്നതിന് സൗദി നിരന്തരം പ്രവർത്തിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.