റിയാദ്: സൗദി സകാത് ആൻഡ് ടാക്സ് അതോറിറ്റി കഴിഞ്ഞവർഷം നടത്തിയ പരിശോധനയിൽ 33,820 നികുതി, നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിൽ ഗുരുതര ലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും സ്ഥാപനം താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. മൂല്യവർധിത നികുതി നിയമം കൃത്യമായി നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെയായിരുന്നു നടപടി. 2018 ജനുവരി ഒന്നിനാണ് സൗദിയിൽ മൂല്യവർധിത നികുതി (വാറ്റ്) പ്രാബല്യത്തിൽ വന്നത്. അന്ന് അഞ്ച് ശതമാനമായിരുന്നു നികുതി. കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറാൻ കഴിഞ്ഞവർഷം ജൂലൈ മുതൽ ഇത് 15 ശതമാനമാക്കി ഉയർത്തി. ഇതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. വാറ്റ് രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലാണ് പിഴ.
നികുതി വെട്ടിച്ച് സൗദിയിൽ വസ്തുക്കളെത്തിച്ച് പിടികൂടിയാലും പിഴയേറും. നികുതി റിട്ടേണുകൾ കൃത്യസമയത്ത് സമർപ്പിക്കുകയും വേണം. ഇൻവോയ്സുകൾ സൂക്ഷിക്കാതിരിക്കൽ, ഇവയിൽ നികുതി നമ്പർ ചേർക്കാതിരിക്കൽ, നികുതി ഈടാക്കാതിരിക്കൽ എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ കുറ്റങ്ങൾ. പുറമെ, കുറഞ്ഞ നികുതിയടക്കാൻ രേഖകളിൽ തെറ്റായ വിവരം ചേർത്തവരും കുടുങ്ങി. നിയമാനുസൃതമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്നവരിൽനിന്ന് പിഴ ഇൗടാക്കുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.