റിയാദ്: സൗദിയിലേക്ക് പുതിയ വിസയിൽ വരുന്നവർ എല്ലാവരും വി. എഫ്. എസ് സേവന കേന്ദ്രത്തിൽ എത്തി വിരലടയാളം നൽകണമെന്ന പുതിയ നിബന്ധന വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്ന് നയതന്ത്ര തലത്തിൽ ഉണ്ടാവണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിൽ ആകെ കൊച്ചിയിൽ മാത്രമാണ് വിരലടയാള സൗകര്യമുള്ള വി. എഫ്. എസ് സേവന കേന്ദ്രം പ്രവർത്തിക്കുന്നത്.
വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇത് സൗദിയിലേക്ക് വരാൻ ആഗ്രഹിച്ച ആയിരക്കണക്കിനാളുകൾക്ക് തിരിച്ചടിയായി. രാജ്യത്ത് ആകെ ഒമ്പത് കേന്ദ്രങ്ങളാണ് വിരലടയാളം സ്വീകരിക്കുന്നതിനുള്ള സൗകര്യം ഉള്ളത്. നിലവിൽ ഓൺലൈൻ അപ്പോയിൻറ്മെൻറ് വഴിയാണ് പാസ്പോർട്ടുകൾ സ്വീകരിക്കുന്നത്. സാധാരണക്കാരായ പ്രവാസികൾക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് ഇത് വലിയ തടസ്സം നേരിട്ട് കൊണ്ടിരിക്കുന്നു.
ആവശ്യമായ സേവന കേന്ദ്രങ്ങൾ നിലവിൽ വരുന്നത് വരെയെങ്കിലും നിലവിലുള്ള സംവിധാനം നിലനിർത്തുന്നതിന് സൗദി അധികൃതരിൽ സമ്മർദം ചെലുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാവണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.