ജിദ്ദ: കോവിഡ് മഹാമാരിയെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച സൗദി സമഗ്ര വികസന പദ്ധതിയായ 'വിഷൻ 2030'െൻറ പ്രവൃത്തികൾ പുനരാരംഭിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അറിയിച്ചു. ഞായറാഴ്ച റിയാദിൽ നടന്ന അഞ്ചാമത് സാമ്പത്തിക സ്ഥിരത സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ മാസത്തോടെ അനുവദിച്ച ബജറ്റിെൻറ 93 ശതമാനത്തിലധികം ചെലവഴിച്ചു കഴിഞ്ഞ നിരവധി വിഷൻ പ്രോജക്റ്റുകളുണ്ട്. സൗദി സെൻട്രൽ ബാങ്കും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സും പുറത്തുവിട്ട പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് രാജ്യം കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിെൻറ സൂചനകൾ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പോലൊരു മഹാമാരിക്ക് നേരത്തേ ലോകം സാക്ഷ്യം വഹിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ അതുമൂലമുണ്ടാവുന്ന പ്രതിസന്ധിയും അനേകമാണ്. എന്നാൽ, സൗദി അറേബ്യ അത്തരം പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ജനങ്ങളുടെ ആരോഗ്യത്തിന് മറ്റെന്തിനെക്കാളും മുൻഗണന നൽകുകയും ചെയ്തു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് രാജ്യത്തെ കാപിറ്റൽ മാർക്കറ്റ് അതോറിറ്റിയും സൗദി സെൻട്രൽ ബാങ്കും മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 3.4 ശതമാനം വരുന്ന സാമ്പത്തിക സഹായ പാക്കേജുകൾ വിതരണം ചെയ്തു.
ലോകത്തിലെ മറ്റു പല രാജ്യങ്ങളെക്കാളും കോവിഡ് മഹാമാരിയോട് സൗദി അറേബ്യ ധൈര്യത്തോടും വേഗത്തോടും കൂടിയാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് നല്ല ഫലങ്ങൾ ലഭിച്ചു.ഭാവിയിൽ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാൻ സ്വകാര്യമേഖലയെ ശാക്തീകരിക്കുക എന്നതാണ് ലക്ഷ്യം.ഇക്കാര്യത്തിൽ ആവശ്യമായ നിയമനിർമാണങ്ങൾ സർക്കാർ നടപ്പാക്കുമെന്നും മുഹമ്മദ് അൽ ജദാൻ പറഞ്ഞു.
ജിദ്ദ: കോവിഡ് പ്രതിസന്ധിയോടുള്ള രാജ്യത്തിെൻറ പ്രതികരണം വളരെ വേഗത്തിലായിരുന്നു എന്ന് സൗദി ധനമന്ത്രി മുഹമ്മദ് ജദ്ആൻ പറഞ്ഞു. സാമ്പത്തിക സ്ഥിരത സെമിനാറിൽ സംസാരിക്കവേയാണ് ധനമന്ത്രി കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ രാജ്യം അടിയന്തര ഇടപെടൽ നടത്തിയതിനെക്കുറിച്ച് വിശദീകരിച്ചത്. പകർച്ചവ്യാധിമൂലം ഇൗ വർഷം അസാധാരണ വർഷമായി കണക്കാക്കപ്പെടുന്നു. സമ്പദ്വ്യവസ്ഥ, തൊഴിലുകൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയെ പിന്തുണച്ചുകൊണ്ടാണ് ഗവൺമെൻറ് കോവിഡ് പ്രതിസന്ധിയെ നേരിട്ടത്.
ലോക്ഡൗണിൽ നിന്ന് വേഗത്തിൽ പുറത്തുവന്നത് സമ്പദ് വ്യവസ്ഥയുടെ വളർച്ച തിരികെ കൊണ്ടുവരാനാണ്. അതിെൻറ പ്രാരംഭ ഫലങ്ങൾ കാണാൻ തുടങ്ങി. പക്ഷേ, ഉത്കണ്ഠ ഇപ്പോഴും നിലനിൽക്കുന്നു. സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നത് സൗദി അറേബ്യ അതിെൻറ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കുന്നുവെന്നാണ്. അത് വളരെ പ്രതീക്ഷ നൽകുന്നതാണ്. കോവിഡ് നേരിടുന്നതിൽ സൗദി അറേബ്യയുടെ സാമ്പത്തിക ശക്തി വേറിട്ടതായിരുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.