ദമ്മാം: വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് സൗദിയിലെ സാംസ്കാരിക, വിനോദ മേഖലകൾ വികസിപ്പിക്കുന്നതിനുള്ള കരാറിൽ സാംസ്കാരിക മന്ത്രാലയവും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയും ഒപ്പുവെച്ചു. സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അലുശൈഖും ധാരണപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 11 സാംസ്കാരിക സംഘടനകളുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിനും പരിപാടികൾക്ക് അനുമതി നൽകുന്നതിനും പരിപാടികൾ രൂപപ്പെടുത്തുന്നതിനുമുള്ള സഹകരണ നിർദേശങ്ങളാണ് ധാരണപത്രത്തിൽ ഉൾപ്പെടുന്നത്.
കഴിവുകൾ വികസിപ്പിക്കുന്നതിനും സാംസ്കാരിക, വിനോദ തൊഴിലുകളെ തരംതിരിക്കാനും ഇരുമേഖലകളിലും നിക്ഷേപം വർധിപ്പിക്കാനും വിനോദ സാംസ്കാരിക പ്രവർത്തനങ്ങൾ സംയുക്തമായി സംഘടിപ്പിക്കാനും പുതിയ ധാരണയിലൂടെ സാധ്യമാകും എന്നാണ് അധികൃതർ കരുതുന്നത്. മികവുള്ള സംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക, രാജ്യം മുന്നോട്ടുവെക്കുന്ന സാംസ്കാരിക, വിനോദ പരിപാടികൾക്ക് ആവശ്യമായ പിന്തുണ നൽകുക, രാജ്യത്തിലെ പാരമ്പര്യ കലകൾക്കും കലാകാരന്മാർക്കും വളരുന്നതിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ ഒരുക്കുക, കലാസംസ്കാരിക മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തെ ഉയർത്തിപ്പിടിക്കുക എന്നീ ലക്ഷ്യങ്ങളും കരാറിന്റെ ഭാഗമാണ്. പൈതൃകസ്ഥലങ്ങൾ വികസിപ്പിച്ച് അവയെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെയും നിലവിലുള്ളതോ ആസൂത്രണം ചെയ്തതോ ആയ ടൂറിസം പദ്ധതികളിൽ സാംസ്കാരിക പ്രവർത്തനങ്ങൾ അനുവദിച്ചുകൊണ്ട് 'ടൂറിസം പദ്ധതികളിൽ സാംസ്കാരിക മുദ്ര' ചേർക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.