ജിദ്ദ: സൗദിയിൽ സന്ദർശന വിസയിലുള്ളവർക്ക് ഇന്ന് മുതൽ ഒരു മാസത്തേക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനും അവിടെ താമസിക്കുന്നതിനും വിലക്ക് . എല്ലാത്തരം സന്ദർശന വിസകൾക്കും തീരുമാനം ബാധകമാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദർശന വിസകൾ കൈവശമുള്ളവരെ മക്കയിൽ പ്രവേശിക്കാനോ അവിടെ തുടരാനോ അനുവദിക്കില്ല. ദുൽഖഅദ് 15 (മെയ് 23 വ്യാഴം) മുതൽ ദുൽഹജ്ജ് 15 (ജൂൺ 21 വെള്ളി) വരെ ഒരു മാസത്തേക്കാണ് വിലക്ക്.
വിവിധ പേരുകളിലുള്ള സന്ദർശക വിസകൾ ഹജ്ജ് നിർവഹിക്കാനുള്ള പെർമിറ്റായി കണക്കാക്കില്ല. നിയമം ലംഘിക്കുന്നവർ രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച് കനത്ത ശിക്ഷാ നടപടികൾക്ക് വിധേയമായിരിക്കുമെന്നും നിയമലംഘകരെ നാടുകടത്തുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതെ സമയം, നുസ്ക് ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റുകൾ നൽകുന്നതും ഇന്ന് മുതൽ നിർത്തലാക്കിയിട്ടുണ്ട്. ഉംറ പെർമിറ്റുകൾ ഇനി ദുൽഹജ്ജ് 15 ന് ശേഷം മാത്രമേ അനുവദിക്കൂ. മക്കയിൽ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകർക്ക് പ്രയാസരഹിതമായി ഹജ്ജ് കർമങ്ങൾ നിർവഹിക്കുന്നതിനും വേണ്ടിയാണ് നിയമം കർശനമാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതോടൊപ്പം രാജ്യത്തെ വിവിധ മേഖലകളിൽ അനധികൃത ഹജ്ജ് സ്ഥാപനങ്ങളെ പിടികൂടാനുള്ള നടപടികൾ സുരക്ഷ വകുപ്പിന് കീഴിൽ തുടരുകയാണ്. മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.