ജിദ്ദ: സന്ദർശക വിസക്കാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചുപോകണമെന്ന് സൗദി ജവാസാത്ത് അറിയിച്ചു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് നാടുവിടേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ മറ്റു നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ട്വിറ്ററിൽ ഒരു ചോദ്യത്തിന് ഉത്തരമായി ജവാസാത്ത് പ്രതികരിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ഫാമിലി സന്ദർശക വിസ മൂന്നു മാസത്തേക്ക് പുതുക്കാൻ ശ്രമിച്ച പലർക്കും രണ്ടാഴ്ചത്തേക്ക് മാത്രമാണ് പുതുക്കിക്കിട്ടിയത്. സൗദിയിൽ ഒരു വർഷം പൂർത്തിയാക്കിയവർക്കാണ് ഈ രീതിയിൽ പുതുക്കി ലഭിച്ചത്.
രണ്ടാഴ്ചക്കകം നാടുവിടുമെന്ന് ജവാസാത്തിന് ഉറപ്പുനൽകിയ ശേഷമാണ് പുതുക്കാനുള്ള അപേക്ഷ സ്വീകരിച്ചത്. കോവിഡ് മൂലം ഇതുവരെ സന്ദർശക വിസ ഒരു വർഷം കഴിഞ്ഞവർക്കും പുതുക്കി ലഭിച്ചിരുന്നു. ഇത് മൂലം സന്ദർശക വിസയിൽ രണ്ട് വർഷത്തോളം രാജ്യത്ത് തങ്ങിയവരുമുണ്ട്. ആറ് മാസത്തെക്കോ ഒരു വർഷത്തേക്കൊ സന്ദർശക വിസ എടുത്ത് സൗദിയിലെത്തിയവരാണ് ഇവരിൽ അധിക പേരും. ഇവരുടെ വിസ കാലാവധി കഴിഞ്ഞതിന് ശേഷവും മൂന്ന് മാസം വെച്ച് നിരവധി തവണ പുതുക്കിയിരുന്നു. 100 റിയാൽ ഫീസും ഇൻഷൂറൻസും മാത്രമാണ് ഇതിന് ചിലവ് വന്നിരുന്നത്. ഇത് നിരവധി കുടുംബങ്ങൾക്ക് അനുഗ്രഹമാകുകയും ചെയ്തിരുന്നു. അതാണ് ഇപ്പോൾ നിർത്തലാക്കിയത്.
ഇനി മുതൽ എത്ര കാലത്തേക്കാണോ സന്ദർശക വിസ എടുക്കുന്നത് അത്രകാലം മാത്രമേ നിൽക്കാൻ സാധിക്കു. നിലവിൽ സന്ദർശക വിസ കിട്ടുന്നത് ആറു മാസമോ ഒരു വർഷമോ ആണ്. ഇവയെല്ലാം ഒരു മാസം കഴിയുമ്പോൾ ഓൺലൈനിൽ പുതുക്കുകയും വേണം. സൗദിയിൽ കോവിഡ് കേസുകൾ കുറഞ്ഞതും മിക്ക രാജ്യങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇപ്പോൾ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് സന്ദർശക വിസക്കാർക്ക് നേരിട്ട് വരാൻ സാധിക്കില്ല എങ്കിലും സൗദി വിലക്ക് ഏർപ്പെടുത്താത്ത രാജ്യങ്ങൾ വഴി 14 ദിവസം താമസിച്ച് നിരവധി കുടുംബങ്ങളാണ് അടുത്ത കാലത്തായി സൗദിയിലെത്തിയത്. സന്ദർശക വിസക്ക് അപേക്ഷിച്ച മിക്കവർക്കും ഇപ്പോൾ വിസ വേഗത്തിൽ ലഭിക്കുന്നുമുണ്ട്. മുൻകാലങ്ങളിൽ പലകാരണങ്ങൾ കൊണ്ട് അപേക്ഷ തള്ളിയിരുന്നെങ്കിലും ഇപ്പോൾ വിസ ഉടൻ ലഭിക്കുന്നതും നിരവധി കുടുംബങ്ങൾക്ക് സൗദിയിലേക്ക് വരാൻ അനുഗ്രഹമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.