റിയാദ്: കോവിഡ് കാലത്ത് ദുരിതമനുഭവിച്ച പ്രവാസികൾക്ക് ആശ്വാസം പകരാൻ കഠിനാധ്വാനം ചെയ്ത സന്നദ്ധ പ്രവർത്തകരെ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആദരിച്ചു. 150ഒാളം പ്രവർത്തകരാണ് ജില്ല കമ്മിറ്റിക്ക് കീഴിൽ 'കരുതലായി ഞങ്ങളുണ്ട്' എന്ന പേരിൽ നടത്തിയ കോവിഡുകാല കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 'സല്യൂട്ട് 2020' എന്ന പേരിൽ ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ല വൈസ് പ്രസിഡൻറ് ഹമീദ് ക്ലാരി അധ്യക്ഷത വഹിച്ചു.സൗദി ദേശീയ സമിതി അംഗം എസ്.വി. അർഷുൽ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
കോവിഡ് കാലത്ത് റിയാദിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് മലപ്പുറം ജില്ല കമ്മിറ്റിയാണെന്നും കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത് ഇന്ത്യൻ എംബസി നൽകിയ അനുമതി പത്രവുമായി കർമനിരതരായ സന്നദ്ധ പ്രവർത്തകരുടെ സേവനം റിയാദിലെ പ്രവാസി സമൂഹം എല്ലാ കാലത്തും ഓർമിക്കുമെന്നും അർഷുൽ അഹമ്മദ് പറഞ്ഞു. ജില്ല കമ്മിറ്റിക്ക് കീഴിലുള്ള മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്ന് 16 മണ്ഡലം കമ്മിറ്റികൾ വഴി വന്ന ചികിത്സ ധനസഹായ അപേക്ഷകൾ പരിഗണിച്ച് മൂന്നുലക്ഷം രൂപ മണ്ഡലം കമ്മിറ്റി ഭാരവാഹികൾക്ക് ഇൗ പരിപാടിയിൽ വിതരണം ചെയ്തു.
ഭക്ഷണക്കിറ്റ് വിതരണം, കോവിഡ് ഹെൽപ് െഡസ്ക്, മെഡി ചെയിൻ, പെരുന്നാൾ റിലീഫ്, നോർക്ക ഹെൽപ് െഡസ്ക്, നാട്ടിലേക്കുള്ള യാത്രക്കാരുടെ മുൻഗണന പട്ടിക തയാറാക്കൽ, വഴികാട്ടിയവർക്ക് സ്നേഹാദരം, നാട്ടിലുള്ള പ്രവാസികൾക്ക് സഹായം, ചാർട്ടേഡ് വിമാന മിഷൻ തുടങ്ങി വിവിധ ഘടകങ്ങളിലായി പ്രവർത്തിച്ചവരാണ് ആദരം ഏറ്റുവാങ്ങിയത്. ജൂണിൽ സംഘടിപ്പിച്ച 'തഹ്സീൻ ഖുർആൻ' ഖുർആൻ പാരായണ മത്സരത്തിലെ വിജയികളെ സംഘാടക സമിതി ചെയർമാൻ സൈതലവി ഫൈസി പ്രഖ്യാപിച്ചു.
സൗദി ദേശീയ സമിതി അംഗങ്ങളായ കെ. കോയാമു ഹാജി, ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, മൊയ്തീൻ കുട്ടി തെന്നല, സത്താർ താമരത്ത്, ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് മഞ്ചേരി, അഷ്റഫ് മോയൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ല ഭാരവാഹികളായ മുനീർ വാഴക്കാട്, യൂനുസ് കൈതക്കോടൻ, ഷാഫി ചിറ്റത്തുപ്പാറ, യൂനുസ് താഴേക്കോട്, സിദ്ദീഖ് കോനാരി എന്നിവർ നേതൃത്വം നൽകി. ശരീഫ് അരീക്കോട് സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.