റിയാദ്: അറബ് മേഖലയിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക് 'അക്വാറബിയ' റിയാദ് ഖിദ്ദിയ നഗരത്തിൽ സ്ഥാപിക്കാൻ പദ്ധതി തുടങ്ങി. സൗദിയിലെ ആദ്യത്തേതും മേഖലയിലെ ഏറ്റവും വലുതുമായ 'അക്വാറാബിയ' വാട്ടർ തീം പാർക്ക് സമീപത്തായി നിർമിക്കുന്ന 'സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റി' എന്നിവ 2025ൽ പൂർത്തിയാകും. ഖിദ്ദിയ ഇൻവെസ്റ്റ്മെന്റ് കമ്പനിയുടെ (ക്യു.ഐ.സി) യുടെ നേതൃത്വത്തിലാണ് രണ്ടു പദ്ധതികളും ഒരേ സമയം പൂർത്തിയാക്കുന്നത്.
22 റൈഡുകളും, കുടുംബ സൗഹൃദ ജലാധിഷ്ഠിത കളികളും കൊണ്ട് ലോകമെമ്പാടുമുള്ള സന്ദർശകരെ പാർക്ക് ആകർഷിക്കുമെന്ന് കരുതുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ കോസ്റ്റർ, ഏറ്റവും ഉയരമുള്ള ഡ്രോപ്പ് ബോഡി സ്ലൈഡ്, ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡ്, ഏറ്റവും നീളം കൂടിയ മാറ്റ് റേസർ എന്നിങ്ങനെ നാല് ലോക റെക്കോർഡുകൾ പാർക്കിന്റെ സവിശേഷതയാവും. പൂർണമായും വെള്ളത്തിൽ മുങ്ങുന്ന വാഹനങ്ങൾ ഉൾക്കൊള്ളുന്ന ആദ്യത്തെ അണ്ടർവാട്ടർ അഡ്വഞ്ചർ റൈഡും അക്വാറാബിയ വാഗ്ദാനം ചെയ്യുന്നു. അഡ്രിനാലിൻ പ്രേമികൾ റാഫ്റ്റിംഗ്, കയാക്കിംഗ്, കാന്യോനിയറിംഗ്, ഫ്രീ സോളോ ക്ലൈംബിംഗ്, ക്ലിഫ് ജമ്പിംഗ് എന്നിവയ്ക്കായി സമർപ്പിച്ചിരിക്കുന്ന വാട്ടർ സ്പോർട്സ് സോണും സർഫ് പൂളും ഇവിടെയുണ്ടാകും. കൂടാതെ, പുരാതന മരുഭൂമിയിലെ കിണർ നീരുറവകളും മരുപ്പച്ച തേടുന്ന ഖിദ്ദിയയുടെ വന്യജീവികളെ അടിസ്ഥാനമാക്കിയുള്ള തീമിങ്ങും ഡിസൈൻ ഘടകങ്ങളും അക്വാറാബിയ വാഗ്ദാനം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഫ്രീ സ്റ്റാൻഡിംഗ് ഷോട്ട് ടവർ റൈഡ് (സിറോക്കോ ടവർ), ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പെൻഡുലം റൈഡ് (ജിറോപ്സിൻ), ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തലതിരിഞ്ഞ ടോപ്പ് കോസ്റ്റർ (സ്പിറ്റ്ഫയർ), ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടിൽറ്റ് കോസ്റ്റർ (അയൺ റാറ്റ്ലർ), ട്രാക്കിന് സമാന്തരമായി ഓടുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും വേഗതയേറിയതും നീളമേറിയതുമായ റോളർ കോസ്റ്ററായ ഫാൽക്കൺസ് ഫ്ലൈറ്റ് തുടങ്ങിയ അഞ്ച് ലോക റെക്കോർഡ് ബ്രേക്കിംഗ് കോസ്റ്ററുകൾ 'സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയി'ൽ അവതരിപ്പിക്കും. സന്ദർശകർക്ക് വിശാലമായ ഹോട്ടലുകളും ഡൈനിംഗ് ഓപ്ഷനുകളും ഉണ്ടാവും. നൂതനമായ രൂപകൽപ്പനയിലൂടെയും അടിസ്ഥാന സൗകര്യങ്ങളിലൂടെയും സന്ദർശകർക്ക് അനായാസമായി സഞ്ചരിക്കാനും യാത്രാ സമയം കുറക്കാനും കഴിയും. രാജ്യത്തിനും വിനോദസഞ്ചാരം, കായിക മേഖല എന്നിവക്കും സുപ്രധാനമായ നാഴികക്കല്ലാണ് പദ്ധതി. വൈവിധ്യമാർന്ന വിനോദ ആവശ്യങ്ങൾ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവൽക്കരണത്തിന് സംഭാവന നൽകുകയും ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
അക്വാറാബിയയും, സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയും 2025ൽ പൂർത്തിയാകും. ഔദ്യോഗിക ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും. സൗദി വിഷൻ 2030ന്റെ ഭാഗമായി പ്രാദേശിക വിനോദസഞ്ചാരവും തൊഴിലവസരങ്ങളും വർധിപ്പിക്കുന്നതിനൊപ്പം താമസക്കാർക്ക് വിനോദ അവസരങ്ങൾ നൽകാനാണ് ഖിദ്ദിയ സിറ്റി ലക്ഷ്യമിടുന്നത്. 10,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജല ഉപയോഗത്തിലും മാലിന്യ സംസ്കരണത്തിലും മികച്ച രീതികൾ നടപ്പിലാക്കുന്നതിനായി നൂതന സാങ്കേതികവിദ്യയും രൂപകൽപ്പനയും ഉപയോഗിച്ച് സുസ്ഥിരമായ പ്രവർത്തനങ്ങളുടെ ഉയർന്ന നിലവാരം ഉയർത്തിപ്പിടിക്കാൻ അക്വാറാബിയയും, സിക്സ് ഫ്ലാഗ്സ് ഖിദ്ദിയ സിറ്റിയും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.