ടി.പി. ചന്ദ്രശേഖരൻ കൊലക്കുശേഷം കേരളം ആഗ്രഹിച്ച നേട്ടമായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. കൊലക്ക് പ്രേരിപ്പിച്ചവരെ കണ്ടെത്തും എന്ന ഉറപ്പ് കേട്ട് കേരളത്തിന്റെ മനസ്സാക്ഷി ഉണർന്നു. ആ കേസിന്റെ അന്വേഷണം അന്നത്തെ സർക്കാറോ പൊലീസോ അട്ടിമറിച്ചു. അറുകൊലയുടെ താഴ്വേര് കണ്ടെത്തിയില്ല എന്നു മാത്രമല്ല പിന്നീടങ്ങോട്ട് ചോരപ്രളയത്തിൽ അകപ്പെട്ട് കേരളം ഞെട്ടി.
ഒരിക്കലും എതിർപാർട്ടിയുടെ രാക്ഷസവികാരത്തിനുള്ളിൽ താൻ ഉൾപ്പെടില്ല എന്ന് വിശ്വസിച്ച് സ്വന്തം മക്കളെ മാറോട് ചാർത്തി താരാട്ട് പാട്ട് പാടി ഉറക്കിക്കിടത്തി ഉണരുമ്പോൾ പിതാവിന്റെ മാംസം കോഴിയിറച്ചിപോലെ വെട്ടിനുറുക്കി കിടക്കുന്നത് കാണുമ്പോൾ നാം ഒന്നോർക്കുക നഷ്ടപ്പെടുന്നത് ഒരു ലോകം പടുത്തുയർത്തേണ്ട, നാളെയുടെ ഭാവി കണ്ടെത്തേണ്ടവരുടെ മരവിച്ച മനസ്സിനെയാണ്. ആദ്യം സ്കൂട്ടറിൽ യാത്ര ചെയ്ത ഷാൻ എന്ന രാഷ്ട്രീയ പ്രവർത്തകനെ ആയുധത്തിന്റെ മൂർച്ച തീരുംവരെ വെട്ടിനുറുക്കി. അടുത്ത മണിക്കൂറിൽ ബി.ജെ.പി നേതാവിനെ സ്വന്തം മാതാവിന്റെ മുന്നിൽ വെച്ച് വെട്ടിനുറുക്കി.
മനുഷ്യർ തമ്മിൽ തമ്മിൽ വെട്ടി കൊല ചെയ്യപ്പെടുന്നത് അപരിഷ്കൃത സംസ്കാരമാണ്. ഇവിടെ സാമ്പത്തികമോ രാഷ്ട്രീയമോ സാംസ്കാരികമോ അല്ല പ്രശ്നം. കൊലക്ക് കൊല എന്ന ക്രിമിനൽ സിദ്ധാന്തം കേരളത്തിന്റെ പുരോഗമന നവീകരണ സാമ്പത്തിക ഉയർച്ചയെ ഗൗരമായി ബാധിക്കും. രക്ത സാക്ഷികളെയും വിലാപയാത്രകളെയും കണ്ടുമടുത്ത കേരളം മറ്റൊരു നവീകരണ പ്രസ്ഥാനം പടുത്തുയർത്തേണ്ടിയിരിക്കുന്നു.
കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന രണ്ടു കൊലയുടെ പാശ്ചാത്തലത്തിൽ ചില ദേശീയ പാർട്ടികൾ ഉടനെ പാർലമെൻറിൽ ഉന്നയിക്കുകയും വാർത്തക്ക് ദേശീയ നിറം ചാർത്താനും തയാറായി ഡൽഹിയിൽ തമ്പടിക്കുമ്പോൾ ഇവർ ആദ്യം ചെയ്യേണ്ടിയിരുന്നത് സ്വന്തം സ്റ്റേറ്റിൽനിന്ന് ഈ കൊലക്കത്തിയെ എങ്ങനെ ഉന്മൂലനം ചെയ്യും എന്ന് ആലോചിക്കുകയായിരുന്നു. മറിച്ച് രാഷ്ട്രീയം മറയാക്കി സംസ്ഥാനത്തെ ദേശീയ മാധ്യമങ്ങൾക്ക് ഒറ്റുകൊടുക്കയല്ല വേണ്ടത് . ബഹുമാന്യരായ 20 പാർലമെൻറ് എം.പിമാരേ രാജ്യസഭ എം.പിമാരേ നിങ്ങൾ കേരളത്തിൽ വരൂ... ജോലി തുടങ്ങൂ... ഈ വെട്ടുകത്തി ഉറയിലിടാൻ കൂട്ടമായി ഉപദേശം നൽകൂ... ബോധവത്കരണം നടത്തൂ... കേരളത്തെ രക്ഷിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.