റിയാദ്: ആം ആദ്മി പാർട്ടിയുടെ സ്ഥാപകദിനവുമായി ബന്ധപ്പെട്ട് ആം ആദ്മി വെൽഫെയർ അസോസിയേഷൻ (ആവാസ്) റിയാദ് സെൻട്രൽ കമ്മിറ്റി ‘കെ.എസ്.ഇ.ബി ആരുടെ പക്ഷത്ത്, ജനപക്ഷത്തോ, അതോ?’ എന്ന വിഷയത്തിൽ ടെലിവിഷൻ ഷോ മാതൃകയിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. കൺവീനർ അസീസ് കടലുണ്ടി അധ്യക്ഷത വഹിച്ചു. ആം ആദ്മി പാർട്ടി കേരള വർക്കിങ് പ്രസിഡൻറ് ഡോ. സെലിൻ ഫിലിപ്പ് ഉത്ഘാടനം ചെയ്തു.
കേരളത്തിൽ റെഗുലേറ്ററി കമീഷന്റെ പൊതുതെളിവെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സിറ്റിങ്ങുകളിലെ ജനവികാരം വെറും പ്രഹസനമാക്കി 2024- 2027 കാലയളവിൽ വൈദ്യുതി കൂട്ടാനുള്ള നിർദേശം നൽകിയ റെഗുലേറ്ററി കമീഷന്റെ റിപ്പോർട്ടിനെതിരെ ജനകീയ പ്രക്ഷോഭങ്ങൾ നടത്തുന്നതോടൊപ്പം ആം ആദ്മി പാർട്ടി പ്രസിഡൻറ് അഡ്വ. വിനോദ് മാത്യു വിൽസൺ നേരിട്ട് ഹൈകോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്ത് നിയമപരമായി മുന്നോട്ട് പോകുകയാണെന്ന് ഡോ. സെലിൻ ഫിലിപ്പ് പറഞ്ഞു.
നാട്ടിൽനിന്നും സംവാദ പരിപാടിക്കായി റിയാദിലെത്തിയ ഡോ. സെലിൻ ഫിലിപ്പ്, ഷാക്കത്ത് അലി ഏരോത്ത് എന്നിവരെ മജീദ് തിരൂർ, ഷബീർ കൊടക്കാട് എന്നിവർ വേദിയിൽ ബൊക്ക നൽകി ആദരിച്ചു. പാനൽ ചർച്ചയിൽ സത്താർ താമരത്ത് (കെ.എം.സി.സി), അഡ്വ. എൽ.കെ. അജിത് (ഒ.ഐ.സി.സി), ഇല്യാസ് പാണ്ടിക്കാട് (ആവാസ്), നിബു വർഗീസ് (റിഫ), ജയൻ കൊടുങ്ങല്ലൂർ, ഷിബു ഉസ്മാൻ (മീഡിയ ഫോറം), അലവി പുതുശ്ശേരി (ആർ.ജെ.ഡി), സുധീർ കുമ്മിൾ (നവോദയ), ശിഹാബ് കൊട്ടുകാട്, ഡോ. അബ്ദുൽ അസീസ്, കമർബാനു വലിയകത്ത്, സലീം പള്ളിയിൽ, റഹ്മത്ത് അഷ്റഫ് തുടങ്ങിയവർ തങ്ങളുടെ വാദങ്ങൾ ഉന്നയിച്ചു. മോഡറേറ്റർ ഷൗക്കത്ത് അലി എരോത്ത് സംവാദം നിയന്ത്രിച്ചു.
ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് കൊണ്ടുമാത്രം 200 കോടിയിലധികം രൂപ പ്രതിമാസം നഷ്ടത്തിലോടുന്ന കെ.എസ്.ഇ.ബിയെ തൊലിപ്പുറത്തെ ശസ്ത്രക്രിയ കൊണ്ട് രക്ഷിക്കാനാവില്ലെന്ന് നിബു വർഗീസ് അഭിപ്രായപ്പെട്ടു. ജനങ്ങളോട് ക്രൂരമായ സമീപനമാണ് കെ.എസ്.ഇ.ബി തുടരുന്നതെന്നും ഇന്ത്യയിലെ മാധ്യമ ഉടമകളുടെ താൽപര്യങ്ങൾ കണ്ട് മാധ്യമ പ്രവർത്തകരേ വിലയിരുത്തേണ്ടതില്ലെന്നും നിക്ഷിപ്ത മാധ്യമ വേട്ടയുമായി റിയാദിലെ മാധ്യമ പ്രവർത്തകരെ കൂട്ടിക്കെട്ടേണ്ടതില്ലെന്നും ജയൻ കൊടുങ്ങല്ലൂർ പറഞ്ഞു.
ബില്ലുകളിലെ ആശാസ്ത്രീയതകളടക്കം പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് ഷിബു ഉസ്മാൻ പറഞ്ഞു. ഹൃദയസ്തംഭനത്തിന് പോലും ഇലക്ട്രിസിറ്റി ബോർഡിന്റെ പിടിപ്പുകേട് പലപ്പോഴും കാരണമാവുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ. അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു.
അവസാന റൗണ്ട് സംവാദത്തിൽ നിർമാണത്തിലും വിതരണത്തിലുമടക്കം ഏറെ പരിഹാരമാർഗങ്ങൾ പാനൽ അംഗങ്ങൾ നിർദേശിച്ചു. മാറി മാറി ഭരിച്ച രാഷ്ട്രീയ പാർട്ടികളിലോ ഉദ്യോഗസ്ഥ വൃന്ദങ്ങളിലോ മാത്രമൊതുങ്ങുന്ന വിഷയമല്ലിതെന്നും നാം അടങ്ങുന്ന പൊതുസമൂഹം ഗൗരവമായി കാര്യങ്ങളെ കാണേണ്ടതുണ്ടെന്നും മോഡറേറ്റർ പറഞ്ഞു. എനർജി എൻജിനീയർ അഫ്സൽ പൊന്നാനി, എൻജിനീയർമാരായ അഷ്ഫാഖ് വള്ളിക്കുന്ന്, അലൻ കൊല്ലം എന്നിവർ പ്രസീഡിയം അംഗങ്ങളായിരുന്നു.
സദസിൽനിന്ന് നേരിട്ട് പാനൽ അംഗങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ആവാസ് ഉയർത്തിവിടുന്ന ഇലക്ട്രിസിറ്റി വിഷയം ഒരു തുടക്കം മാത്രമാണെന്നും ഈ വിഷയത്തിൽ കേസ് നടത്തിപ്പിനുള്ള എല്ലാ ചെലവും ആവാസ് ആണ് വഹിക്കുന്നതെന്നും വിവിധ വിഷയങ്ങൾ ഏറ്റെടുത്ത് ഇനിയും മുന്നോട്ട് പോകുമെന്നും ആവാസ് കൺവീനർ അസീസ് കടലുണ്ടി പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ അസീസ് മാവൂർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.