ജിദ്ദ: ജിദ്ദ നഗരത്തെ മോടികൂട്ടാൻ പഴയ വാഹനങ്ങൾ ഉപയോഗപ്പെടുത്തുന്നു. വാഹനങ്ങൾ കലാപരമായ രീതിയിൽ കൗതുകകരമായ രൂപാന്തരം വരുത്തി വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് കോർണിഷിലും മറ്റു പലയിടങ്ങളിലും അലങ്കരിക്കാനാണ് ജിദ്ദ നഗരസഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പ്രമുഖ സൗദി അന്താരാഷ്ട്ര പെയിൻറിങ് ആർട്ടിസ്റ്റായ ഷാലിമാർ ശർബത്തലിയുടെ സഹകരണത്തോടെയാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്.
'ഹോംലാൻഡ് ഡ്രോയിങ്' എന്ന തലക്കെട്ടിൽ ആരംഭിച്ച പുതിയ സംരംഭത്തിൽ നിരവധി പഴയതും കേടായതുമായ വാഹനങ്ങൾ വർണാഭമായ പെയിൻറിങ് കൊണ്ട് അലങ്കരിച്ച് ആളുകളിൽ കൗതുകവും വിസ്മയാനുഭവവും പകരാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അലങ്കരിച്ച വാഹനങ്ങൾ ദേശീയദിനത്തിൽ പുതിയ കോർണിഷിലും പ്രധാന ചത്വരങ്ങളിലും സ്ഥാപിക്കും. ഉപേക്ഷിക്കുന്ന വസ്തുക്കൾ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാതെ, ആളുകൾക്ക് ദൃശ്യാസ്വാദനമുണ്ടാക്കി പുനരുപയോഗം നടത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടത്തിൽ രാജ്യത്തെ മറ്റു പട്ടണങ്ങളിലും ഇത് നടപ്പാക്കും.
അതോടൊപ്പം കലാസൃഷ്ടികൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും സൗദി കലയെ ആഗോളതലത്തിലേക്ക് എത്തിക്കാനും പരിപാടിയുണ്ട്. ഉപേക്ഷിച്ച പഴയ കാറുകൾ പെയിൻറ് ചെയ്ത് അലങ്കരിച്ച് ജിദ്ദ നഗരത്തിലെ ആളുകളെയും സന്ദർശകരെയും ആകർഷിക്കുന്ന കലാസൃഷ്ടിയാക്കാനുള്ള സംരംഭത്തോട് എല്ലാനിലക്കും സഹകരിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്ത ജിദ്ദ മേയർ സ്വാലിഹ് അലി തുർക്കിക്ക് പ്രശസ്ത കലാകാരിയായ ഷാലിമാർ ശർബത്തലി നന്ദി പറഞ്ഞു.
പരിസ്ഥിതി മലിനീകരണമൊഴിവാക്കി ആകർഷകമായ കലാസൃഷ്ടികളാക്കി മാറ്റുന്ന ഗംഭീരമായ സൃഷ്ടിയാണ് പുനരുപയോഗ കല. കാർ പെയിൻറിങ്ങിലെ തെൻറ മികച്ച അനുഭവങ്ങൾ പ്രത്യേകിച്ച് ആഗോള തലത്തിൽ പരീക്ഷണം നടത്തി വിജയം കൈവരിച്ച ശേഷം സൗദിയിലേക്ക് മാറ്റാനായതിൽ ഷാലിമാർ സന്തോഷം പ്രകടിപ്പിച്ചു. പഴയ വാഹനങ്ങൾ ബ്രഷും നിറവും ഉപയോഗിച്ച് പുനരുപയോഗം ചെയ്യലും ചെങ്കടൽ റാണിയായ ജിദ്ദയെ അലങ്കരിക്കലുമാണ് ഇൗ പദ്ധതി. ഏതാനും ദിവസങ്ങൾക്കുള്ളിൽ നാല് കാറുകളിലെ പെയിൻറിങ് ജോലികൾ പൂർത്തിയാകും.
സെപ്റ്റംബർ 23ന് ദേശീയദിനത്തിൽ ഇവ പ്രദർശിപ്പിക്കും. പ്ലാസ്റ്റിക് പെയിൻറിങ് കല പ്രചരിപ്പിക്കുന്നതിനും അത്തരം കലാകാരന്മാരെ പിന്തുണക്കുന്നതിനും ജിദ്ദ നഗരത്തെ ഭംഗി വർധിപ്പിക്കാനും വ്യക്തികളും സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി സംരംഭങ്ങൾ മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണെന്നും ഷാലിമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.