റിയാദ്: ‘ബ്രിക്സ്’ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ ബ്രിക്സ് സൗഹൃദ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബ്രിക്സ്. നിലവിൽ ബ്രിക്സ് ഗ്രൂപ്പിന്റെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യയെന്ന് പറഞ്ഞ ബിൻ ഫർഹാൻ, ഈ പങ്കാളിത്തം തുടർച്ചയായ വളർച്ചക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഗ്രൂപ്പിലെ രാജ്യങ്ങളുമായുള്ള സൗദിയുടെ വ്യാപാരം 2017ൽ 8,100 കോടി ഡോളറായിരുന്നത് 2021ൽ 12,800 കോടിയും 2022ൽ 16,000 കോടിയുമായി വർധിച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമാധികാരത്തോടുള്ള ബഹുമാനം, ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കൽ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കൽ, ബഹുമുഖ ചട്ടക്കൂടുകൾ നിലനിർത്തൽ, കൂട്ടായ പ്രവർത്തനം എന്നീ തത്ത്വങ്ങളെ അടിസ്ഥാനമാക്കി തുടർന്നും മുന്നോട്ടുപോകാൻ കഴിയുമെന്ന് വിദേശകാര്യ മന്ത്രി പ്രത്യാശിച്ചു.
മാനുഷികവും വികസനപരവുമായ സഹായങ്ങളിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ് സൗദി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള 10 രാജ്യങ്ങൾക്കുള്ള ലോക സഹായ ദാതാക്കളിലൊന്നാണ് സൗദിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങളുടെ സെക്രട്ടറി അബ്ദുറഹ്മാൻ അൽ റാസി, ദക്ഷിണാഫ്രിക്കയിലെ സൗദി അംബാസഡർ സുൽത്താൻ അൽ അൻഖാരി എന്നിവരും മന്ത്രിയോടൊപ്പം യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.