ജിദ്ദ: അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ എത്രയുംവേഗം സമാധാനനില കൈവരിക്കാനും രാജ്യത്ത് രാഷ്ട്രീയ സുസ്ഥിരതയുണ്ടാവാനുമാണ് ആഗ്രഹിക്കുന്നതെന്ന് സൗദി മന്ത്രിസഭ. ചൊവ്വാഴ്ച രാത്രിയിൽ സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന വെർചൽ മന്ത്രിസഭ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്താനിലെ സംഭവങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്. അഫ്ഗാൻ ജനതക്കൊപ്പമാണ് സൗദി അറേബ്യ നിലയുറപ്പിച്ചിരിക്കുന്നതെന്നും മന്ത്രിസഭ യോഗം നിലപാട് വ്യക്തമാക്കി. അൽജീരിയയിൽ പടരുന്ന അഗ്നിബാധയെ ചെറുക്കാനുള്ള ശ്രമത്തിന് എല്ലാ പിന്തുണയും നൽകുന്നതായും ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിന് അടിയന്തര ജീവകാരുണ്യ സഹായം അയക്കുന്നതിന് ഏർപ്പാട് ചെയ്തതായും യോഗം വ്യക്തമാക്കി.
അറബ്, ഗൾഫ് മേഖലയിലെയും ലോകത്തിലെയും സംഭവവികാസങ്ങളെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ മന്ത്രിസഭ അവലോകനം ചെയ്തു.സഹോദരരാജ്യമായ യമനിലെ ജനതയെയും അവിടത്തെ നിയമാനുസൃത സർക്കാറിനെയും പിന്തുണക്കാനുള്ള രാജ്യത്തിെൻറ ഉറച്ച നിലപാട് യോഗം ആവർത്തിച്ചു.
യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം തേടാനും ആ രാജ്യത്ത് രാഷ്ട്രീയ, സാമൂഹിക സ്ഥിരതയും സമാധാനവും വികസനവും കൈവരിക്കാനും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ പരിശ്രമങ്ങൾ തുടരും. പ്രതിസന്ധി അവസാനിപ്പിക്കാനുള്ള എല്ലാ രാഷ്ട്രീയ പരിഹാരങ്ങളെയും തടസ്സപ്പെടുത്തുന്ന വിമത ഹൂതി സായുധ സംഘത്തിെൻറ ചെയ്തികളെയും സമാധാന ലംഘന ശ്രമങ്ങളെയും തടയണമെന്നും മന്ത്രിസഭ ആവർത്തിച്ചു.
വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ വരവ്, തീർഥാടകരുടെ എണ്ണം മാസത്തിൽ 20 ലക്ഷം വരെ വർധിപ്പിക്കൽ, കോവിഡ് സാഹചര്യത്തിൽ ഉംറ കർമങ്ങൾ സുരക്ഷിതവും ആരോഗ്യകരവുമായ അന്തരീക്ഷത്തിൽ നിർവഹിക്കാനുള്ള സൗകര്യങ്ങൾ, രാജ്യത്തെയും ലോകത്തെയും കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങൾ തുടങ്ങിയവയും മന്ത്രിസഭ ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.