ജിദ്ദ: 'പുണ്യ റമദാൻ ഖുർആൻ പഠനത്തിലൂടെ ധന്യമാക്കാം' എന്ന തലക്കെട്ടിൽ തനിമ സാംസ്കാരിക വേദി വെസ്റ്റേൺ പ്രോവിൻസ് ഖുർആനിലെ 'അൽ ഖമർ' അധ്യായത്തെ അവലംബിച്ച് നടത്തിയ ഓൺലൈൻ പ്രശ്നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. ഏപ്രിൽ 29ന് പ്രാഥമിക മത്സരവും മേയ് 13ന് മെഗാഫൈനൽ മത്സരവും നടത്തിയാണ് വിജയികളെ കണ്ടെത്തിയത്.
ഖമീസ് മുശൈത്തിലെ സുഹൈൽ പരാടൻ മുന്നിയൂരാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ജിദ്ദയിലെ ടി.കെ. റസീന ചെമ്മാടും റാഷിദ സാബിത്ത് മഞ്ചേരിയും കരസ്ഥമാക്കി. ജിദ്ദ കേന്ദ്രമായി നടന്ന മെഗാഫൈനൽ മത്സരം തനിമ വെസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് നജ്മുദ്ദീൻ അമ്പലെങ്ങാടൻ ഉദ്ഘാടനം ചെയ്തു. തനിമ കേന്ദ്ര സമിതിയംഗം അബ്ദു ഷുക്കൂർ അലി മത്സരം നിയന്ത്രിച്ചു.
ജിദ്ദ, ഖമീസ് മുശൈത്ത്, യാംബു, മദീന എന്നീ സെന്ററുകളിൽ സജ്ജീകരിച്ച ഫൈനൽ മത്സരത്തിൽ ആദ്യ മത്സരത്തിൽനിന്ന് മികച്ച മാർക്ക് വാങ്ങിയ 10 പേരാണ് മാറ്റുരച്ചത്. കുറ്റമറ്റ നിലയിൽ മുഴുവൻ സെന്ററുകളിൽനിന്നും ഒരേസമയം മത്സരത്തിൽ പങ്കെടുക്കാൻ കഴിയുന്ന വിധത്തിൽ മികവുറ്റ സാങ്കേതിക സൗകര്യം സംവിധാനിച്ചത് അജ്മൽ അബ്ദുൽ ഗഫൂറാണ്.
മത്സരത്തിൽ ആദ്യന്തം പങ്കെടുത്ത എല്ലാവരെയും മികച്ച വിജയം നേടിയവരെയും തനിമ വെസ്റ്റേൺ പ്രോവിൻസ് സാരഥികളും പ്രശ്നോത്തരിയുടെ കോഓഡിനേറ്റർ മുഹമ്മദലി പട്ടാമ്പിയും പ്രത്യേകം അഭിനന്ദിച്ചു. പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് വിവിധ പ്രദേശങ്ങളിൽ പിന്നീട് സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ സമ്മാനം വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.