ജിദ്ദ: ആറു വർഷത്തിലേറെ നീണ്ട ദുരിതത്തിൽനിന്ന് രക്ഷപ്പെട്ട് മലപ്പുറം പോത്തുകൽ സ്വദേശി നസീബുദ്ദീൻ ഒ.ഐ.സി.സി ജിദ്ദ കമ്മിറ്റിയുടെ സഹായത്താൽ നാടണഞ്ഞു. 14 വർഷം മുമ്പ് പ്രവാസം ആരംഭിച്ച ഇദ്ദേഹം ഹൗസ് ഡ്രൈവർ വിസയിലാണ് ജിദ്ദയിലെത്തിയത്.
എന്നാൽ, അവിടന്നിങ്ങോട്ട് വിവിധ കമ്പനികളിലായി പലവിധ ജോലികൾ ചെയ്തുവരുകയായിരുന്നു. അവസാനം ജോലി ചെയ്തിരുന്ന ടാക്സി കമ്പനിയിൽനിന്ന് അകാരണമായി ഹുറൂബ് ആക്കുകയായിരുന്നു. ഇതിനെതിരെ ലേബർ കോടതിയിൽ കേസ് നൽകുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഹുറൂബ് നീക്കി താൽക്കാലികമായി ജോലി ചെയ്യുന്നതിനുള്ള രേഖ ലഭ്യമാക്കിയെങ്കിലും ഈ സമയം ഇദ്ദേഹം ഉപയോഗിച്ചിരുന്ന കാർ കമ്പനി തിരിച്ചുവാങ്ങിയപ്പോൾ മുമ്പ് കമ്പനിയിൽ നൽകിയ ചില രേഖകൾ ഉപയോഗിച്ച് ഇദ്ദേഹം സാമ്പത്തിക തിരിമറികൾ നടത്തിയെന്നാരോപിച്ച് കമ്പനി വീണ്ടും കേസ് കൊടുക്കുകയും ശേഷം യാത്രവിലക്ക് വരുകയുമായിരുന്നു. വിവരമറിഞ്ഞ ഒ.ഐ.സി.സി ജിദ്ദ, പോത്തുകൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞാലി, ഉസ്മാൻ എന്നിവർ വിഷയത്തിൽ ഇടപെടുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.
കോടതിയിലെ രണ്ടുവർഷം നീണ്ട വ്യവഹാരങ്ങൾക്ക് ഒടുവിൽ ഇദ്ദേഹം തെറ്റൊന്നും ചെയ്തില്ലെന്നും എന്നാൽ കമ്പനിയിൽനിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാനായി മറ്റൊരു കേസ് നൽകേണ്ടിവരുമെന്നും അല്ലാത്തപക്ഷം ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകേണ്ടതാണെന്നും കോടതിവിധി വന്നു. ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ തെൻറ കുടുംബത്തിനടുത്തേക്ക് എങ്ങനെയെങ്കിലും എത്തുകയെന്ന ആഗ്രഹം കാരണം എല്ലാം ഉപേക്ഷിച്ചു പോകാൻ നസീബുദ്ദീൻ തീരുമാനിക്കുകയായിരുന്നു.
കാലാവധി കഴിഞ്ഞ താമസരേഖ ആയതിനാൽ ഫൈനൽ എക്സിറ്റ് കിട്ടാൻ വലിയ പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നു.ഇതിനിടയിൽ ഇന്ത്യൻ കോൺസുലേറ്റിെൻറ ശ്രമഫലമായി തർഹീൽ മുഖാന്തരം നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് കോവിഡ് മഹാമാരിയുണ്ടാവുകയും യാത്ര തടസ്സമാവുകയും ചെയ്തത്. ശേഷം സൗദി പാസ്പോർട്ട് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥെൻറ ഇടപെടൽ മുഖേന ഫൈനൽ എക്സിറ്റ് ലഭ്യമാവുകയായിരുന്നു.ജിദ്ദ ഒ.ഐ.സി.സി കമ്മിറ്റി സൗജന്യമായി നൽകിയ ടിക്കറ്റ് ഉപയോഗിച്ച് കഴിഞ്ഞ ദിവസത്തെ കോഴിക്കോട് വിമാനത്തിൽ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.