റിയാദ്: സൗദി കായികചരിത്രത്തിലേക്ക് സൈക്കിൾ ചവിട്ടിക്കയറി വനിതകളുടെ സൈക്ലിങ് മത്സരം. സൗദി ഫെഡറേഷൻ ഫോർ ഓൾ സ്പോർട്സ് (എസ്.എഫ്.എ) സൗദി സൈക്ലിങ് ഫെഡറേഷെൻറ സഹകരണത്തോടെയാണ് സൗദി ചരിത്രത്തിലാദ്യമായി പെൺകുട്ടികളുടെ സൈക്ലിങ് മത്സരം സംഘടിപ്പിച്ചത്. പബ്ലിക്കായി നടന്ന ആദ്യ ഒൗദ്യോഗിക സൈക്ലിങ് മത്സരത്തിന് തുടക്കംകുറിച്ചത് റിയാദിലായിരുന്നു. റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിനുള്ളിലെ ട്രാക്കിൽ നടന്ന മത്സരത്തിൽ 800ഒാളം പെൺകുട്ടികൾ സൈക്കിൾ വേഗങ്ങളുമായി മത്സരിക്കാനെത്തി. വിലപിടിപ്പുള്ള സമ്മാനങ്ങൾക്കായി എല്ലാവരും ആവേശപൂർവം ചവിട്ടിക്കയറിയെങ്കിലും ഒന്നാം സ്ഥാനത്തെത്തിയത് നാദിയ സ്കൗക്ഡിയാണ്. ഫ്ലോറിയ മാർത്തിയാസ് തൊട്ടുപിന്നിലും അഹ്ലം അൽസൈദ് മൂന്നാമതായും ഫിനിഷ് ചെയ്തു.
രണ്ടാംഘട്ടം ജിദ്ദയിലായിരുന്നു. അൽജൗഹറ സ്റ്റേഡിയത്തിൽ 200 പെൺകുട്ടികൾ മത്സരിച്ചു. േഫ്ലാറിയ മാർത്തിയാസാണ് ഒന്നാമതെത്തിയത്. അർവ അൽഅമൂദി, സമാർ റഹ്ബേനി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. പരമ്പരയുടെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം അൽഖോബാറിലെ കോർണിഷിൽ നടന്നു. നാദിയ സ്കൗക്ഡി, ഫ്ലോറിയ മാർത്തിയാസ്, നാസിമ സിദ്ദീഖി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സൗദി വനിതകൾക്കിടയിൽ സൈക്ലിങ് രംഗത്തെ പ്രാതിനിധ്യം 1.1 ശതമാനമാണെന്നും സൈക്കിളോടിക്കുന്ന സ്ത്രീകളിലെ 32 ശതമാനം പ്രതിവാരം പരിശീലനം നടത്തുകയാണെന്നും ഫെഡറേഷൻ വൃത്തങ്ങൾ പറഞ്ഞു. സൈക്ലിങ് കൂടുതൽ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, വിഷൻ 2030െൻറ ഭാഗമായി കായികരംഗത്തെ ജനപ്രാതിനിധ്യം 40 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യമെന്ന് സൗദി ജനറൽ സ്പോർട്സ് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.