യാംബു: ശാസ്ത്രമേഖലയിൽ സ്ത്രീശാക്തീകരണം സജീവമാക്കി സൗദി അറേബ്യ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ രൂപവത്കരിച്ച 'ഫ്യൂച്ചർ വിമൻ സൊസൈറ്റി'യുടെ (എഫ്.ഡബ്ല്യു.എസ്) കീഴിൽ വിവിധ പരിപാടികൾ ഊർജിതമായി നടക്കുന്നുണ്ട്. സ്ത്രീകൾക്ക് ശാസ്ത്രീയ വിഷയങ്ങളിൽ ഗവേഷണത്തിനും നവീകരണത്തിനുമായി പ്രത്യേക സമിതി സൊസൈറ്റിയുടെ കീഴിൽ രൂപവത്കരിച്ചിട്ടുണ്ട്.
വ്യവസായം, സാങ്കേതികം, കല തുടങ്ങി വിവിധ മേഖലകളിൽ സൗദി സ്ത്രീകൾ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ശാസ്ത്രീയ വിഷയങ്ങളിൽ സ്ത്രീകളുടെ പങ്ക് വേണ്ടതുപോലെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ന വിലയിരുത്തലിലാണ് മേഖലയിൽ ആസൂത്രണത്തോടെയുള്ള പദ്ധതികൾ അധികൃതർ നടപ്പാക്കാനൊരുങ്ങുന്നത്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം ഉറപ്പുവരുത്തുക എന്നത്. രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗദി യുവതികളുടെ പങ്കാളിത്തം ഉണ്ടാക്കാൻ വേണ്ട നടപടികൾ ഇതിനകം എടുത്തിട്ടുണ്ട്.
ശാസ്ത്രീയ വിഷയങ്ങളിൽ ഗവേഷണം നടത്താൻ കഴിവുള്ള സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെകുറിച്ച് അവബോധം ഉണ്ടാക്കാനും എല്ലാവരും ഏറെ ജാഗ്രത കാണിക്കണമെന്ന് എഫ്.ഡബ്ല്യു.എസ് ചെയർപേഴ്സൺ ഡോ. ഗരീബ അൽ ത്വൈഹർ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ ഗവേഷണത്തിലൂടെ നേടാവുന്ന നേട്ടങ്ങൾ ഏതൊരു രാജ്യത്തിെൻറയും സമ്പദ് വ്യവസ്ഥക്കും അഭിവൃദ്ധിക്കും അടിസ്ഥാനമാണെന്നും ഇത് ആഗോളതലത്തിൽ തന്നെ അംഗീകരിച്ച വസ്തുതയുമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യ ശാസ്ത്ര ഗവേഷണ രംഗത്ത് മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. പ്രാദേശികമായും ആഗോളതലത്തിലും പല മേഖലകളിലും രാജ്യത്തെ മുൻനിരയിലേക്ക് കൊണ്ടുപോകാൻ ഇത് വഴിവെച്ചതായും അവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.