റിയാദ്: സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ ‘റിയാദ് എയറി’ലേക്കുള്ള റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കമ്പനി. എയർലൈനിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ തട്ടിപ്പുകാരെ കരുതിയിരിക്കാൻ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കമ്പനി മുന്നറിയിപ്പ് നൽകിയത്.
വ്യാജ പരസ്യങ്ങളും ലിങ്കുകളും കൈകാര്യം ചെയ്യുന്നതിനെതിരെ റിയാദ് എയർ ടീമിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ അപേക്ഷകരും കരുതിയിരിക്കണമെന്നാണ് അറിയിപ്പ്. ഇത്തരം പരസ്യങ്ങൾ മുൻകൂർ ഫീസും വ്യക്തിഗത അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കമ്പനി പ്രസ്താവനയിറക്കിയത്. ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ മാത്രം വിവരങ്ങൾ സമർപ്പിക്കാൻ ആഹ്വാനംചെയ്ത എയർലൈൻസ് ഇതിനായി മുൻകൂർ ഫീസ്, വ്യക്തിഗത ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആവശ്യപ്പെടുന്നില്ലെന്നും വ്യക്തമാക്കി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ (പി.ഐ.എഫ്) പൂർണ ഉടമസ്ഥതയിലുള്ള റിയാദ് എയറിലേക്കുള്ള റിക്രൂട്ട്മെൻറ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ പൈലറ്റുമാരെയാണ് റിക്രൂട്ട് ചെയ്ത് പരിശീലനം നൽകുക. ബോയിങ് 787-9, 777 വിമാനങ്ങളിൽ വൈദഗ്ധ്യമുള്ളവർക്ക് മുൻഗണന നൽകുന്നുണ്ടെന്ന് എയർലൈൻസ് ചീഫ് ഓപറേറ്റിങ് ഓഫിസർ പീറ്റർ ബെല്യു പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ മറ്റ് തസ്തികകളിലേക്കും റിക്രൂട്ട്മെൻറ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.