യാംബു: തൂവലിലെ കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കൗസ്റ്റ്) ശാസ്ത്രം, എൻജിനീയറിങ്, ഗവേഷണം എന്നീ വിഷയങ്ങളിൽ സ്ത്രീകൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. മാർച്ച് എട്ട്, ഒമ്പത് തീയതികളിൽ യൂനിവേഴ്സിറ്റി കാമ്പസിലായിരിക്കും പരിപാടി നടക്കുക. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ ഗവേഷണത്തിനുള്ള മുഖ്യ കേന്ദ്രമാക്കി കൗസ്റ്റിനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കുന്നത്.
സ്ത്രീകളെ ഗവേഷണ രംഗത്തും ശാസ്ത്ര സാങ്കേതിക മേഖലയിലും വലിയ സംഭാവനകൾ അർപ്പിക്കാൻ പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാൻ മുന്നോട്ടു വരുന്നതെന്ന് കൗസ്റ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ശില്പശാലയിൽ വിവിധ മേഖലയിൽ പ്രശസ്തരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഗവേഷണ രംഗത്തേക്കും സാങ്കേതിക മേഖലയിലേക്കും കടന്നുവരാനുള്ള വഴികളെക്കുറിച്ചുള്ള അവബോധം നൽകാനും പ്രായോഗിക പരിശീലനവും ശില്പശാലയിൽ നൽകും. ശില്പശാലയോടനുബന്ധിച്ച് ഹ്രസ്വ വിഡിയോ മത്സരവും ഒരുക്കുന്നുണ്ട്.
ശാസ്ത്രം, എൻജിനീയറിങ്, ഗവേഷണം എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തവും മികവും, അവരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം എന്നീ വിഷയത്തിലൂന്നിയായിരിക്കണം 60 സെക്കൻഡിൽ കൂടാത്ത ദൈർഘ്യമുള്ള വിഡിയോ സമർപ്പിക്കേണ്ടത്. വിജയികൾക്ക് 250 ഡോളർ വിലയുള്ള സമ്മാനങ്ങൾ ലഭിക്കും. മാർച്ച് ഒന്ന് ആണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. മത്സരത്തിൽ ഏത് രാജ്യക്കാർക്കും പങ്കെടുക്കാമെന്നും കൗസ്റ്റ് അധികൃതർ അറിയിച്ചു. രജിസ്ട്രേഷനും വിവരങ്ങൾക്കും wiser.kaust.edu.sa സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.