റിയാദ്: മയക്കുമരുന്ന് കടത്തുകാരെയും അതിന്റെ പ്രമോട്ടർമാരെയും നമ്മുടെ യുവാക്കളെ ലക്ഷ്യംവെക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്ന് സൗദി പൊതുസുരക്ഷ മേധാവി ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി പറഞ്ഞു. ലോക ലഹരിവിരുദ്ധ (ജൂൺ 26) ദിനാചരണ പരിപാടിയിൽ അത്തരം ആളുകൾക്കും പ്രവണതകൾക്കുമെതിരെ തുറന്നടിച്ചത്. മയക്കുമരുന്ന്, ലഹരി പദാർഥങ്ങൾ എന്നിവ ലോകരാജ്യങ്ങൾ നേരിടുന്ന വലിയ ഭീഷണിയാണ്. അത് ഗുരുതര പ്രതിസന്ധിയും അതിർത്തി കടന്നുള്ള വലിയ പ്രശ്നങ്ങളുമാണ്. വികസിതവും വികസ്വരവുമായ സമൂഹങ്ങളുടെ സുരക്ഷ, രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിലെ ജനങ്ങളുടെ ജീവിതത്തെയും അവരുടെ നേട്ടങ്ങളെയും ഒരുപോലെ സ്വാധീനിക്കാനും അപകടപ്പെടുത്താനും തുടങ്ങിയിരിക്കുന്നു.
നിരവധി ക്രിമിനൽ, സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും ബൗദ്ധിക വ്യതിയാനങ്ങളുടെയും പ്രധാന കാരണമിതാണ്. ജീവിതത്തിന്റെ വിവിധ തലങ്ങളിൽ ലോകം ഇന്ന് അനുഭവിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും തുടർച്ചയായ സംഭവവികാസങ്ങളുടെയും വെളിച്ചത്തിലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി ഭരണകൂടം മയക്കുമരുന്ന് ബാധയുടെ അപകടം മനസ്സിലാക്കി അതിൽനിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ അവകാശങ്ങൾ പരിപാലിക്കുന്നതിനും ജനങ്ങളുടെ കഴിവുകൾ സംരക്ഷിക്കുന്നതിനും വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. രാഷ്ട്രത്തിന്റെ സുരക്ഷയെ തുരങ്കം വെക്കുന്നതും ജനങ്ങളുടെ മനസ്സിനെ ദുഷിപ്പിക്കുന്നതുമായ എല്ലാത്തിനെയും ശക്തമായി നേരിടുകയുണ്ടായി. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നിർദേശങ്ങൾക്കും ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദിന്റെ മേൽനോട്ടത്തിലും മയക്കുമരുന്നിനെ പ്രതിരോധിക്കാനുള്ള സുരക്ഷ കാമ്പയിൻ ആരംഭിച്ചു. ഇത് വ്യക്തമായ നല്ല ഫലങ്ങൾ നേടി. മയക്കുമരുന്ന് വ്യാപാരികൾക്കും കള്ളക്കടത്തുകാർക്കുമെതിരായ ശക്തമായ നടപടികളുമായി നിലകൊണ്ടു. മയക്കുമരുന്ന് വിപത്തിനെ അതിന്റെ വേരുകളിൽനിന്ന് പിഴുതെറിയാനും ഇല്ലാതാക്കാനുമുള്ള ആത്മാർഥ ദൃഢനിശ്ചയത്തിന്റെയും ശക്തമായ ഇച്ഛാശക്തിയുടെയും തെളിവുകളായി.
അതിനാൽ നമ്മുടെ യുവാക്കളെ ലക്ഷ്യമിടാൻ കള്ളക്കടത്തുകാരെയോ മയക്കുമരുന്നു മാഫിയയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ സുരക്ഷയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെയോ സുരക്ഷ വിഭാഗം അനുവദിക്കില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാഷ്ട്രങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന അപകടകരമായ വിപത്തിനെ ചെറുക്കുന്നതിന്, സൈനിക-പൊലീസ് വിഭാഗങ്ങളുടെ ഉപകരണങ്ങളും രീതികളും വികസിപ്പിക്കുകയും സാങ്കേതിക വിപ്ലവത്തിനൊപ്പം മുന്നേറുകയും ചെയ്യണമെന്നും പൊതുസുരക്ഷ മേധാവി ആവശ്യപ്പെട്ടു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മയക്കുമരുന്ന് വിപത്തിനെയും അതിന്റെ അപകടങ്ങളെയും കുറിച്ച് ജാഗ്രത പുലർത്തണം. മയക്കുമരുന്ന് വെല്ലുവിളികളെ അഭിമുഖീകരിക്കാനും സമൂഹത്തെ വിപത്തുകളിൽനിന്ന് രക്ഷിക്കാനും യുവാക്കളെ അതിന്റെ ദുരന്തങ്ങളിൽനിന്ന് അകറ്റാനും ലഭ്യമായ എല്ലാ കഴിവുകളും ഉപയോഗിച്ച് നടത്തുന്ന ഔദ്യോഗിക ശ്രമങ്ങളെ പിന്തുണക്കണമെന്നും പൊതുസുരക്ഷ മേധാവി അഭ്യർഥിച്ചു. ലോക മയക്കുമരുന്ന് വിരുദ്ധദിനം മയക്കുമരുന്നിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഭയാനകമായ ദുരന്തങ്ങളിൽനിന്നും മാരകമായ തിന്മകളിൽനിന്നും എല്ലാ മനുഷ്യരാശിയെയും സംരക്ഷിക്കുന്നതിനുമുള്ള അവസരമാകുമെന്ന വലിയ പ്രതീക്ഷയുണ്ടെന്നും മുഹമ്മദ് ബിൻ അബ്ദുല്ല അൽബസ്സാമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.