xxxxxxxxxxxxxxxxxxxxxxxxxxxxxxx
ജിദ്ദ: 2030ലെ ‘വേൾഡ് എക്സ്പോ’ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതെന്ന് ചൊവ്വാഴ്ച അറിയാം. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് വലിയ പ്രതീക്ഷയിലാണ്. 173 രാജ്യങ്ങൾ പങ്കെടുക്കുന്ന ‘വേൾഡ് എക്സ്പോ’ 2030 നടക്കുന്ന നഗരത്തെ പ്രഖ്യാപിക്കുന്നതിനുള്ള വേട്ടെടുപ്പാണ് ഇന്റർനാഷനൽ ബ്യൂറോ ഓഫ് എക്സിബിഷനിൽ ചൊവ്വാഴ്ച നടത്തുക.
റിയാദിന് പുറമെ ബുസാൻ (കൊറിയ), റോം (ഇറ്റലി) എന്നീ നഗരങ്ങളാണ് അന്തിമ ലിസ്റ്റിലുള്ളത്. ഈ മൂന്ന് നഗരങ്ങൾക്കിടയിലാണ് വോട്ടെടുപ്പ് നടക്കുക.
2030 ഒക്ടോബർ ഒന്ന് മുതൽ 2031 മാർച്ച് 31 വരെയാണ് വേൾഡ് എക്സ്പോ. വേട്ടെടുപ്പിൽ റിയാദ് വിജയിക്കുമെന്ന വലിയ പ്രതീക്ഷയിലാണ്. ‘മാറ്റത്തിന്റെ യുഗം: ഞങ്ങൾ ഒരുമിച്ച് ഭാവിയെ രൂപപ്പെടുത്തുന്നു’ എന്ന തലക്കെട്ടിൽ ഇതിനായുള്ള അപേക്ഷാ ഫയൽ സൗദി അറേബ്യ നേരത്തെ സമർപ്പിച്ചിട്ടുണ്ട്. ഗ്രീസ്, ഫ്രാൻസ്, ബൾഗേറിയ, സ്പെയിൻ, ആഫ്രിക്കൻ രാജ്യങ്ങൾ, ഇറാൻ എന്നീ രാജ്യങ്ങൾ റിയാദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച റിയാദിൽ നടന്ന സൗദി അറേബ്യയും കരീബിയൻ രാജ്യങ്ങളും (കാരികോം) ചേർന്നുള്ള ആദ്യ ഉച്ചകോടിയിൽ എക്സ്പോ 2030ന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ കരീബിയൻ രാജ്യങ്ങളും പിന്തുണച്ചിട്ടുണ്ട്.
സൗദി അറേബ്യയുടെ വികസന പദ്ധതിയായ ‘വിഷൻ 2030’ന്റെ ഭാഗമായി കണക്കാക്കുന്ന വേൾഡ് എക്സ്പോ ആതിഥേയത്വത്തിന് വലിയ ശ്രമങ്ങളാണ് സൗദി അറേബ്യ ഇതിനകം നടത്തിയത്. കഴിഞ്ഞ ജൂണിൽ ഫ്രാൻസിലെ പാരിസിൽ നടന്ന ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷൻസിന്റെ 172ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്ത് സൗദി പ്രതിനിധി സംഘമാണ് ബ്യൂറോ അംഗങ്ങൾക്ക് മുമ്പാകെ ഫയൽ സമർപ്പിച്ചത്.
പൊതുഗതാഗതം മുതൽ ബിസിനസ്, വിദ്യാഭ്യാസം, കല തുടങ്ങിയ വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യം നടത്തിയ വലിയ നിക്ഷേപം വേൾഡ് എക്സ്പോ നടത്താനുള്ള സൗദി അറേബ്യയുടെ ശേഷിയെ ഉയർത്തിക്കാട്ടുമെന്നാണ് വിലയിരുത്തൽ. എക്സ്പോക്കുള്ള നിർദിഷ്ട സ്ഥലങ്ങൾ സുസ്ഥിര നഗരവികസനത്തിന് ഒരു മാതൃകയായി ആസൂത്രണം ചെയ്തിട്ടുണ്ട്.
പരിപാടിയുടെ മുന്നോടിയായി റിയാദ് മേഖലയിൽ ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പദ്ധതി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതോടൊപ്പം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന തലസ്ഥാനങ്ങളിലൊന്നാണ് റിയാദെന്നതും വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാനുള്ള നേട്ടമായി കണക്കാക്കുന്നു. റിയാദ് റോയൽ കമീഷന് കീഴിലാണ് എക്സ്പോ 2030നുള്ള നടപടികൾ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.