ജുബൈൽ : യു.എൻ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ( യു.എൻ.ഡബ്ല്യു.ടി.ഒ) പശ്ചിമേഷ്യയിലെ ആദ്യ ഓഫിസ് റിയാദിൽ പ്രവർത്തനമാരംഭിച്ചു. മിഡിൽ ഈസ്റ്റിലെ 13 രാജ്യങ്ങളിലുടനീളമുള്ള നയങ്ങളും സംരംഭങ്ങളും ഏകോപിപ്പിക്കുന്നതിനായി തുടങ്ങിയ ഓഫിസ് യു.എൻ.ഡബ്ല്യു.ടി.ഒയുടെ കേന്ദ്രമായി പ്രവർത്തിക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനം നടത്തുന്നതിനും മേഖലക്ക് പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്നതിനും ഓഫിസ് വഴി സാധിക്കും. യു.എൻ.ഡബ്ല്യു.ടി.ഒ സെക്രട്ടറി ജനറൽ സൂറബ് പോളോളികാഷ്വിലി, സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്, പ്രാദേശിക ടൂറിസം മന്ത്രിമാർ, വ്യവസായ പ്രമുഖർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ലോക ടൂറിസം ഓർഗനൈസേഷെൻറ ഓഫിസ് എന്ന നിലയിൽ ഇത് പ്രാദേശിക സഹകരണത്തിനുള്ള ഒരു വഴിവിളക്കായി പ്രവർത്തിക്കുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. സൗദിയിൽ ഓഫിസ് പ്രവത്തനമാരംഭിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
യു.എൻ.ഡബ്ല്യു.ടി.ഒയിലെ ഞങ്ങളുടെ പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണത്. സുസ്ഥിരതയുടെ തത്ത്വങ്ങളും എല്ലാവർക്കുമുള്ള അവസരങ്ങളും അടിസ്ഥാനമാക്കി ശക്തമായ ഒരു വ്യവസായം വികസിപ്പിക്കുന്നതിന് ഇതുമൂലം കഴിയും. ആദ്യത്തെ പ്രാദേശിക ഓഫിസ് ആരംഭിക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും പ്രാദേശിക സഹകരണത്തിലൂടെ ആഗോള ടൂറിസത്തെ ഏകോപിപ്പിക്കുന്നതിനുള്ള പുതിയ ദിശയെ ഇതു പ്രതിനിധാനം ചെയ്യുന്നതായും പോളോലികാഷ്വിലി പറഞ്ഞു.
പശ്ചിമേഷ്യയിലെ വൻ വിനോദസഞ്ചാര സാധ്യതകൾ തുറക്കുന്നതിനും മേഖലക്കും അവിടത്തെ ജനങ്ങൾക്കും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഉണർവ് സൃഷ്ടിക്കുന്നതിനും ഈ പുതിയ സംരംഭം വഴിയൊരുക്കും. ടൂറിസം പദ്ധതികളെ പിന്തുണക്കുന്നതിനായി പുതുതലമുറക്ക് ഒരു അന്താരാഷ്ട്ര ടൂറിസം അക്കാദമി വികസിപ്പിക്കുക എന്നതാണ് പുതിയ ഓഫിസിെൻറ ആദ്യ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.