അൽ ഉല: സൗദി ഓട്ടോമൊബൈൽ, മോട്ടോർ സൈക്കിൾ ഫെഡറേഷെൻറ (എസ്.എ.എം.എഫ്) സഹകരണത്തോടെ സൗദി കായിക മന്ത്രാലയം സംഘടിപ്പിച്ച എക്സ്ട്രീം ഇ സീരീസ് ഇലക്ട്രിക് എസ്.യു.വി കാറോട്ട മത്സരം രാജ്യത്തിെൻറ കായിക മേഖലക്ക് മറ്റൊരു പൊൻതൂവൽകൂടി ചാർത്തി. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ സൗദി അറേബ്യയിലെ ചരിത്രനഗരമായ അൽ ഉലയിൽ നടന്ന മത്സരത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇലക്ട്രിക് എസ്.യു.വി കാറുകൾ പങ്കെടുത്തു. ആദ്യമായാണ് സൗദിയിൽ ഇങ്ങനെയൊരു കാറോട്ട മത്സരം നടക്കുന്നത്.
ഒഡിസ്സീ 21 കാറുകളാണ് മത്സരത്തിനുപയോഗിച്ചത്. സ്വീഡിഷുകാരനായ ജൊഹാൻ ക്രിസ്റ്റോഫർഷൻ, സഹപ്രവർത്തകയായ ആസ്ട്രേലിയൻ താരം മോളി ടെയ്ലർ എന്നിവർ നയിച്ച ജർമൻ ടീം റോസ്ബെർഗ് എക്സ് റേസിങ് മത്സരത്തിൽ കിരീടം ചൂടി. സ്വീഡിഷ് ഡ്രൈവർ ടിമ്മി ഹാൻസൻ, ബ്രിട്ടെൻറ കാറ്റി മുന്നിങ്സ് എന്നിവർ നയിച്ച ആൻഡ്രെറ്റി യുനൈറ്റഡ് ടീം രണ്ടാം സ്ഥാനത്തും ഫ്രഞ്ച് റാലി ചാമ്പ്യൻ സെബാസ്റ്റ്യൻ ലോബ്, സ്പാനിഷ് ഡ്രൈവർ ക്രിസ്റ്റീന ഗുട്ടറസ് എന്നിവർ പ്രതിനിധാനംചെയ്ത എക്സ് 44 ടീം മൂന്നാം സ്ഥാനത്തുമെത്തി.
സൗദി വിഷൻ 2030െൻറ ലക്ഷ്യങ്ങളിലൊന്നായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിെൻറ ഭാഗമായി നടന്ന മത്സരത്തിൽ ഒമ്പത് അന്താരാഷ്ട്ര ടീമുകളിൽനിന്നായി ഓരോ പുരുഷ, വനിത ഡ്രൈവർമാരുൾപ്പെടെ 18 പേരാണ് പങ്കെടുത്തത്. കായികമന്ത്രിയും സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ മത്സരവിജയികളെ അഭിനന്ദിച്ചു. കായിക മേഖലക്ക് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ പരിധിയില്ലാത്ത പിന്തുണയുടെ ഭാഗമായാണ് വിവിധ അന്താരാഷ്ട്ര കായികമത്സരങ്ങൾക്ക് സൗദി സാക്ഷ്യം വഹിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പ്രതിസന്ധികൾക്കിടയിലും എല്ലാ വെല്ലുവിളികളെയും അഭിമുഖീകരിച്ചുകൊണ്ട് സൗദി അറേബ്യയിൽ ഈ വർഷം തുടക്കത്തിൽ മൂന്ന് അന്താരാഷ്ട്ര കാറോട്ട മത്സരങ്ങളാണ് സംഘടിപ്പിച്ചത്. തുടക്കത്തിൽ 13 ദിവസം നീണ്ടുനിന്ന ലോകത്തിലെ ഏറ്റവും വലിയ മത്സരമായ ഡാകർ റാലിക്ക് രാജ്യം ആതിഥേയത്വം വഹിച്ചു. 68 രാജ്യങ്ങളിൽനിന്നുള്ള 342 മത്സരാർഥികൾ മത്സരത്തിൽ പങ്കെടുത്തു. സൗദിയിലെ ഒമ്പതിലധികം നഗരങ്ങളിലൂടെയാണ് ഈ മത്സരം കടന്നുപോയത്.
ഡാകർ റാലി കഴിഞ്ഞ് 32 ദിവസത്തിനുശേഷം ഫോർമുല ഇ മത്സരങ്ങളുടെ ഏഴാം സീസണിെൻറ രണ്ടാം റൗണ്ടും സൗദിയിൽ നടന്നു. 12 അന്താരാഷ്ട്ര ടീമുകളെ പ്രതിനിധാനംചെയ്ത് 24 മത്സരാർഥികളാണ് ഫോർമുല ഇ കാറോട്ട മത്സരത്തിൽ പങ്കെടുത്തത്. വിജയകരമായ എക്സ്ട്രീം ഇ സീരീസ് കാറോട്ട മത്സരത്തിനുശേഷം ഈ വർഷാവസാനം ഫോർമുല വൺ മത്സരവും സൗദിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.