യാംബു കെ.എം.സി.സി സെക്രട്ടറി സഹീർ വണ്ടൂരിന് കണ്ണീരോടെ വിട

യാംബു: വ്യാഴാഴ്ച രാവിലെ ഹൃദയാഘാതം മൂലം നിര്യാതനായ യാംബു കെ.എം.സി.സി സെക്രട്ടറി സഹീർ വണ്ടൂരിന് (50) പ്രവാസി സമൂഹവും സഹപ്രവർത്തകരും കണ്ണീരോടെ വിട നൽകി. മലപ്പുറം വണ്ടൂർ പുളിയക്കോട് സ്വദേശിയാണ്​ മുക്രിത്തൊടിക വീട്ടിൽ മുഹമ്മദ്‌ സഹീർ.

എം.ജി കാർ റിപ്പയറിങ് കമ്പനിയിൽ മെയിന്‍റനൻസ് സൂപ്പർ വൈസറായിരുന്നു. രാവിലെ ജോലിക്കെത്തിയ അദ്ദേഹത്തിന്​ അവിടെ വെച്ച്​ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.​ ഉടൻ യാംബു ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യാംബു ടൗൺ മസ്ജിദ് ജാമിഅഃ കബീറിൽ മഗ്‌രിബ് നമസ്‌കാര ശേഷം നടന്ന മയ്യത്ത് നമസ്കാരത്തിലും അതിന് ശേഷം ഫിഷ് മാർക്കറ്റിനടുത്തുള്ള മഖ്‌ബറ ശാത്തിയിൽ നടന്ന ഖബറടക്ക ചടങ്ങിലും വൻ ജനാവലിയാണ് പങ്കെടുത്തത്.

ജിദ്ദ, റാബിഖ്, ഉംലജ്, ബദ്ർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ബന്ധുക്കളും സഹപ്രവർത്തകരും കെ.എം.സി.സി നേതാക്കളും പ്രവർത്തകരും യാംബുവിലെ വിവിധ പ്രവാസി സംഘടനാ നേതാക്കളും യാംബു മലയാളി അസോസിയേഷൻ ഭാരവാഹികളുമെല്ലാം മയ്യത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും പങ്കെടുത്തു.

കെ.എം.സി.സിക്ക്​ പുറമെ സമസ്ത ഇസ്‌ലാമിക് സെന്‍റർ (എസ്‌.ഐ.സി) യാംബു സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതിയംഗവുമായ അദ്ദേഹത്തി​ന്‍റെ സാമൂഹിക പ്രവർത്തന രംഗത്ത്​ വ​ളരെ സജീവമായിരുന്നു. യാംബുവിൽ കോൺസുലാർ സന്ദർശന വേളകളിൽ കെ.എം.സി.സി ഒരുക്കുന്ന ഹെൽപ് ഡെസ്കിൽ ​പ്രവർത്തനങ്ങൾക്ക്​ അദ്ദേഹം ചുക്കാൻ പിടിച്ചിരുന്നു. ഇന്ത്യൻ തൊഴിലാളികൾക്കായി ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്ന കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ ഓഫിസ് ഇൻ ചാർജായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.

മരണത്തി​ന്‍റെ തലേന്ന്​ രാത്രി വളരെ വൈകിയാണ് തങ്ങളുമായൊക്കെ സംസാരിച്ചിരുന്ന ശേഷം അദ്ദേഹം താമസസ്ഥല​ത്തേക്ക്​ മടങ്ങിയതെന്നും വിയോഗം യാംബു സമൂഹത്തിനും പ്രത്യേകിച്ച് കെ.എം.സി.സിക്കും വലിയ നഷ്​ടമാണ്​ ഉണ്ടാക്കിയതെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് നാസർ നടുവിൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആകസ്മികമായ മരണം യാംബു പ്രവാസി സമൂഹത്തിന് ഏറെ നോവുണർത്തുന്നതായി. മിതഭാഷിയായ സഹീർ എല്ലാ ആളുകളുമായി ഏറെ സൗഹൃദം കാത്തു സൂക്ഷിക്കുന്നതിൽ മുന്നിലായിരുന്നു.

ഖാലിദ്-ആയിഷ ദമ്പതികളുടെ മകനാണ് മുഹമ്മദ് സഹീർ. ഭാര്യ: ജസീല. മക്കൾ: മുഹമ്മദ് ശഹീൻ, മുഹമ്മദ് നൈഷാൻ, നിയ ഫാത്തിമ. സഹോദരങ്ങൾ: അബ്​ദുൽ ഗഫൂർ, ശമീർ (ഇരുവരും യാംബുവിലെ ബഹാംദൂൻ ട്രേഡിങ് സെന്‍റർ ജീവനക്കാരാണ്). അലി നൗഷാദ്, സജ്‌ന. യാംബുവിലുള്ള സഹോദരങ്ങളും കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി നേതാക്കളും സഹപ്രവർത്തകരും സാമൂഹിക പ്രവർത്തകരും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Yambu KMCC Secretary Saheer Vandoor death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.