യാംബു: പരിസ്ഥിതി സന്തുലിതത്വത്തിനും പ്രകൃതി സംരക്ഷണത്തിനും കണ്ടൽക്കാടുകൾ വളർത്താനുള്ള സൗദി അറേബ്യയുടെ പദ്ധതി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബുവിൽ വൻ വിജയം.
'മാൻജൂറൂഫ്' എന്ന് അറബി ഭാഷയിൽ അറിയപ്പെടുന്ന കണ്ടൽക്കാടുകൾ യാംബുവിലെ ചെങ്കടൽ തീരത്തും പബ്ലിക് പാർക്കുകളിലും വ്യാപകമായി നട്ടുവളർത്തിയിരിക്കുകയാണ് യാംബു റോയൽ കമീഷൻ.
പ്രകൃതിദത്തമായ വർണാഭ കാഴ്ച ഒരുക്കുന്ന കണ്ടൽ ക്കാടുകളുടെ സംരക്ഷണത്തിന് റോയൽ കമീഷന് കീഴിലുള്ള പരിസ്ഥിതി സംരക്ഷണ വകുപ്പ് നേരത്തേതന്നെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു.
360 ഹെക്ടർ വിസ്തൃതിയുള്ള കടലോര പ്രദേശത്ത് കണ്ടൽക്കാടുകൾക്കായി മൂന്നു സംരക്ഷിത പ്രദേശങ്ങളാണുള്ളത്.
1970കളുടെ അവസാനത്തിൽ യാംബു ഇൻഡസ്ട്രിയൽ സിറ്റി സ്ഥാപിതമായത് മുതൽ ഇവിടത്തെ കടൽത്തീരങ്ങളിൽ കണ്ടൽ സസ്യശേഖരം നിലനിർത്താൻ യാംബു റോയൽ കമീഷൻ ഏറെ ശ്രദ്ധിക്കുന്നുണ്ട്. പ്രകൃതിയുടെ മനോഹാരിത നിലനിർത്താനും ദേശാടനപ്പക്ഷികൾക്കും മറ്റും താവളമൊരുക്കാനും കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് പരിസ്ഥിതി വകുപ്പ് ശാസ്ത്രീയ പഠനം നടത്തി വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആവിഷ്കരിച്ചത്. തീരത്തോട് ചേർന്നുള്ള ആഴംകുറഞ്ഞ കടൽ ഭാഗങ്ങളിൽ കണ്ടൽക്കാടുകളുടെ വലിയ തോട്ടങ്ങൾ വളർത്തിയിരിക്കുന്നത്. ഇതു പച്ചപ്പിെൻറ മനോഹര കാഴ്ചയൊരുക്കുന്നു. കണ്ടൽക്കാടുകൾ കടലിെൻറ വേലിയേറ്റ പ്രദേശങ്ങളിൽ ആണ് കൂടുതലായി വളരുന്നത്. രണ്ട് മീറ്ററിനും അഞ്ച് മീറ്ററിനും ഇടയിൽ ഉയരത്തിൽ വളരുന്ന നിത്യ ഹരിതസസ്യമാണിത്. ഏകദേശം 23 ജനുസുകളും 100 ഇനങ്ങളും കണ്ടൽക്കാടുകൾക്കുണ്ടെന്ന് പഠനങ്ങൾ പറയുന്നു.
ഭൂമിയിലെ ഏറ്റവും ജൈവ സമ്പന്ന ആവാസ വ്യവസ്ഥകളിൽ വളരെ പ്രധാനപ്പെട്ടതാണ് കണ്ടൽക്കാടുകൾ. ജൈവവൈവിധ്യ പറുദീസയാണ് കണ്ടൽക്കാടുകളുടെ ചതുപ്പ്. തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യ ഹരിതവനങ്ങളാണ് കണ്ടൽ സസ്യങ്ങളുടേത്. ഉപ്പുകലർന്ന വെള്ളത്തിൽ കൂടുതലായി വളരുന്ന ഇത്തരം ചെടികൾക്ക് വേറിട്ട പ്രത്യേകതകൾ ഉള്ളതായി സസ്യലോകത്തിലെ ശാസ്ത്രജ്ഞന്മാർ പറയുന്നു. വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽ തീരങ്ങളിലെ പലഭാഗത്തും കണ്ടൽ ചെടികൾ സുലഭമായി വളരുന്നത്.
കടലിൽനിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും ധാതുലവണങ്ങളുമാണ് ഈ ചെടികളുടെ വളർച്ചക്ക് അടിസ്ഥാനം. കടലാക്രമണങ്ങളെയും മണ്ണൊലിപ്പിനെയും തടയാൻ കണ്ടൽക്കാടുകൾക്ക് കഴിവുണ്ട്. പ്രകൃതിദത്ത ആവാസ വ്യവസ്ഥ ഒരുക്കുന്നതിലൂടെ പക്ഷികൾക്കും മറ്റു ജീവികൾക്കും സ്വൈരമായി വിഹരിക്കാൻ കൂടി ഇവിടെ കഴിയുന്നു.
കണ്ടൽക്കാടുകൾ ലോകത്തിെൻറ പലഭാഗങ്ങളിലും വൻതോതിൽ വനനശീകരണം നേരിടുന്നുണ്ട്. കൃഷിക്കുവേണ്ടിയും കെട്ടിടങ്ങൾ നിർമിക്കാനും ആണ് ഇവ പലയിടത്തും നശിപ്പിക്കുന്നത്. ജലമലിനീകരണം കൊണ്ടും ചിലയിടങ്ങളിൽ ഇവ നശിക്കുന്നുണ്ട്. തീരദേശത്തെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്ന കണ്ടൽക്കാടുകൾക്ക് വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് പല രാജ്യങ്ങളിലും കണ്ടൽക്കാടുകളെ പുനരുജ്ജീവിപ്പിക്കാനുള്ള വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. യാംബുവിലെ ചെങ്കടൽ തീരങ്ങളിലെ ചില മേഖലയിലുള്ള വിശാലമായ കണ്ടൽക്കാടുകൾ സന്ദർശകർക്കും ഏറെ ഹൃദ്യമായ കാഴ്ചയാണ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.