വർണവൈവിധ്യമൊരുക്കി യാംബു പുഷ്പമേളക്ക് തുടക്കം

യാംബു: വ്യവസായ നഗരിയിലെ 14-ാമത് പുഷ്‌പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ പ്രൗഢോജ്വല തുടക്കം. മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസ് വ്യാഴാഴ്​ച വൈകീട്ട്​ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. യാംബു റോയൽ കമീഷൻ സി.ഇ.ഒ എൻജി. ഖാലിദ് അൽ സാലിം അബ്​ദുൽ ഹാദി അൽ ജുഹാനി, റോയൽ കമീഷനിലെ വിവിധ വകുപ്പ് മേധാവികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

യാംബു - ജിദ്ദ ഹൈവേയോട് ചേർന്നുള്ള വിശാലമായ അൽ മുനാസബാത്ത് ഒക്കേഷൻ പാർക്കാണ് ഇത്തവണയും പുഷ്പമേളക്ക് വേദിയായിരിക്കുന്നത്. റോയൽ കമീഷനാണ് മേളയുടെ സംഘാടകർ. ചാരുതയേറിയ പൂക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കിയതോടൊപ്പം സൗദിയുടെ സാംസ്കാരിക തനിമ വിളിച്ചോതുന്ന അപൂർവ കാഴ്ചകളും മേളയിലുണ്ട്​. ഉദ്ഘാടന ദിവസം തന്നെ മേള കാണാൻ സ്വദേശികളും വിദേശികളുമായ ആളുകളുടെ നല്ല തിരക്കായിരുന്നു. മാർച്ച്​ ഒമ്പത്​ വരെ നീളുന്ന മേളയുടെ നാളുകളിൽ സന്ദർശകരുടെ വർധിക്കുന്ന തിരക്കിലമരും നഗരി.

ഫുഡ് കോർട്ടുകൾ, റീ സൈക്കിൾ ഗാർഡൻ, ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും പാർക്കുകൾ, പൂക്കളുടെ മനോഹരമായ അലങ്കാരത്തോടെ നിർമിച്ച കുന്നുകൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. നാലു വർഷത്തെ ഇടവേളക്ക് ശേഷമാണ്​ യാംബു ഫ്ലവേഴ്സ് ആൻറ്​ ഗാർഡൻസ് ഫെസ്​റ്റിവൽ ഇത്തവണ അരങ്ങേറുന്നത്​. വൈകീട്ട്​ അഞ്ച്​ മുതൽ രാത്രി 11 വരെയാണ്​ മേള സന്ദർശിക്കാനുള്ള സമയം. 11.50 റിയാലാണ്​ ടിക്കറ്റ്​ നിരക്ക്​. https://yanbuflowerfestival.com.sa/en എന്ന സൈറ്റിൽനിന്ന്​ ടിക്കറ്റെടുക്കാം. 24 ദിവസം നീണ്ടുനിൽക്കുന്ന മേള എത്രദിവസം സന്ദർശിക്കാനും ഈ ഒറ്റത്തവണ ടിക്കറ്റ്​ മതിയാകും. രണ്ട്​ വയസിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

രണ്ട് തവണ ഗിന്നസ് റിക്കോർഡ് നേടി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട പുഷ്​പോത്സവമാണ്​ യാംബുവിലേത്​. ഈ വർഷം പൂക്കളുടെ നിറ ചാരുത കുറച്ചുകൂടി അടുത്ത് നിന്ന് കാണാൻ മനോഹരവും സൗകര്യപ്രദവുമായ നടപ്പാതകൾ തീർത്തിട്ടുണ്ട്​. സ്വദേശി യുവതീയുവാക്കളുടെ നിറസാന്നിധ്യം ആദ്യദിവസം തന്നെ പ്രകടമാണ്. പ്രമുഖ ബഹുരാഷ്​ട്ര കമ്പനികളുടെ നിരവധി സ്​റ്റാളുകൾ ഇവിടെ ഒരുങ്ങിയിട്ടുണ്ട്​. അവിടങ്ങളിലെല്ലാം തിരക്ക്​ പ്രകടനമാണ്​. പുഷ്‌പാലങ്കാരങ്ങൾ കൊണ്ട്​ മനോഹരമാക്കിയ ഫുഡ് കോർട്ടിലും നല്ല തിരക്കാണ്​.

വർണ വിസ്മയം തീർത്ത് രാത്രിയിൽ നടന്ന കരിമരുന്ന് പ്രയോഗവും ആളുകൾക്ക്​ ഹൃദയഹാരിയായ കാഴ്​ചയായി. രാത്രി കാഴ്​ചക്ക്​ നിറച്ചാർത്തായി കണ്ണഞ്ചിപ്പിക്കുന്ന ലേസർ വെളിച്ചവും അലങ്കാര വിളക്കുകളും മേളനഗരിയെയും സമീപപ്രദേശങ്ങളെയും പ്രഭാവലയത്തിലാക്കുന്നു. നഗരിയിൽ പൂച്ചെടികളുടെയും വിത്തു തൈകളുടെയും പ്രദർശനവും വില്പനയും ആളുകളെ ആകർഷിക്കുന്നുണ്ട്​. പുഷ്പ സാഗര ദൃശ്യം സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന കാഴ്ച തന്നെയാണ്. താത്കാലികമാണെങ്കിലും സൗദി യുവതീയുവാക്കൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ നൽകാനും ഇത്തരം മേളകളിലൂടെ അധികൃതർ ലക്ഷ്യം വെക്കുന്നു.

ഫോ​ട്ടോ: 14-ാമത് യാംബു പുഷ്പമേളയുടെ ഉദ്‌ഘാടനം മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്​ദുൽ അസീസ് നിർവഹിച്ചപ്പോൾ

Tags:    
News Summary - Yanbu flower show begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.