ജിദ്ദ: യമനിലെ വെടിനിർത്തൽ നീട്ടിയത് സൗദി അറേബ്യ സ്വാഗതംചെയ്തു. യമനിൽ ശാശ്വത സമാധാനം കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിലവിലെ വെടിനിർത്തൽ രണ്ടുമാസത്തേക്കുകൂടി നീട്ടാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
യമനിലെ തൈസ് പ്രവിശ്യയിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് മാനുഷിക സഹായമെത്തിക്കാനുള്ള വഴികൾ തുറക്കേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. യമനിൽ സുസ്ഥിരതയും സമാധാനവും നിലനിർത്തുന്നതിനായുള്ള വെടിനിർത്തലിന് യു.എൻ സെക്രട്ടറി ജനറലിന്റെ യമനിലെ പ്രത്യേക ദൂതൻ ഹാൻസ് ഗ്രണ്ട്‌ബെർഗ് നടത്തുന്ന ശ്രമങ്ങളെ സൗദി വിലമതിക്കുന്നു. 2021 മാർച്ചിൽ യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനും സമഗ്ര രാഷ്ട്രീയപരിഹാരത്തിൽ എത്തിച്ചേരാനും സൗദി പ്രഖ്യാപിച്ച സംരംഭത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ടുള്ള തുടർനടപടിയായാണ് ഇതിനെ കാണുന്നത്.
യമനിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പുനൽകുന്ന, അവിടുത്തെ ജനതയുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സൗദിയുടെ ഉറച്ച നിലപാടും പിന്തുണയുമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.യമനിൽ ശാശ്വതവും സമഗ്രവുമായ വെടിനിർത്തലിലെത്തലും യമൻ സർക്കാറും ഹൂതികളും തമ്മിലുള്ള രാഷ്ട്രീയപ്രക്രിയ ആരംഭിക്കലുമാണ് പ്രധാന ലക്ഷ്യം.
നിലവിലെ വെടിനിർത്തൽ വ്യവസ്ഥകൾ ഹൂതികൾ പാലിക്കേണ്ടതുണ്ടെന്നും തൈസിലെ മനുഷ്യരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി തൈസ് പ്രവിശ്യയിലെ റോഡുകൾ വേഗത്തിൽ തുറക്കേണ്ടതുണ്ട്. സിവിലിയൻ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുന്നതിനാവശ്യമായ പണം യമൻ സെൻട്രൽ ബാങ്കിൽ നിക്ഷേപിക്കേണ്ടതും പ്രധാനപ്പെട്ട നടപടിയാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.