റിയാദ്: യമൻ സൈനികനടപടിയിൽ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളിലെ 2000 തീർഥാടകർക്ക് ആതിഥ്യമരുളാൻ സൽമാൻ രാജാവിന്റെ ഉത്തരവ്. സൗദി സൈന്യത്തിൽനിന്ന് വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളിലെ 1000 പേർക്കും യമൻ ഭാഗത്തുനിന്ന് രക്തസാക്ഷികളായവരുടെ ബന്ധുക്കളായ 1000 പേർക്കുമാണ് രാജനിർദേശപ്രകാരം സൗദി ആതിഥേയത്വം വഹിക്കുക. ഹജ്ജ്, ഉംറ എന്നിവക്കായുള്ള രണ്ടു വിശുദ്ധ മസ്ജിദുകളുടെ കസ്റ്റോഡിയൻ ഗസ്റ്റ് പ്രോഗ്രാമിനു കീഴിൽ 2000 പേർക്ക് സമ്പൂർണ ആതിഥേയത്വം വഹിക്കാനാണ് ഇസ്ലാമിക മന്ത്രാലയത്തിന് നിർദേശം നൽകിയിരിക്കുന്നത്.
ഈ ഉദാരതക്കും കാരുണ്യസമീപനത്തിനും ഇസ്ലാമിക മന്ത്രിയും ‘കസ്റ്റോഡിയൻ ഗസ്റ്റ്’ പരിപാടിയുടെ സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് സൽമാൻ രാജാവിനോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനോടും നന്ദി പറഞ്ഞു.
ഇസ്ലാമിനും മുസ്ലിംകൾക്കും നൽകുന്ന സേവനവും മാതൃരാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവരുടെ ത്യാഗങ്ങൾക്കുള്ള അംഗീകാരവുമാണ് രാജകീയ ഉത്തരവിലൂടെ പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ തീർഥാടകർക്ക് അവരുടെ കർമങ്ങൾ സുഖത്തിലും സുഗമമായും നിർവഹിക്കാനുള്ള എല്ലാ സൗകര്യങ്ങളും സേവനങ്ങളും നൽകിക്കൊണ്ട് മന്ത്രാലയം ഒരുക്കുമെന്ന് ആലുശൈഖ് വ്യക്തമാക്കി.
ആകെ 4951 തീർഥാടകർക്ക് ഈ വർഷത്തെ ഹജ്ജ് ഗസ്റ്റ് പ്രോഗ്രാമിന്റെ പ്രയോജനം ലഭിച്ചതായി മന്ത്രി പറഞ്ഞു. ഈ അതിഥികളിൽ പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങൾ, പണ്ഡിതന്മാർ, സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവർ, വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ, ഫലസ്തീൻ രക്തസാക്ഷികളുടെ അടുത്ത ബന്ധുക്കൾ എന്നിവരെ കൂടാതെ യമൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ സഹോദരങ്ങളും ഉൾപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ രാജകീയ ആതിഥേയത്വം ലഭിച്ച സ്ത്രീ പുരുഷന്മാരുടെ ആകെ എണ്ണം ഈ വർഷത്തോടെ 62,338 ആയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.