റിയാദ്: കഴിഞ്ഞ റമദാൻ 28ന് ലക്ഷക്കണക്കിന് ആളുകൾ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിനിടെ പിതാവിന്റെ തോളിലിരുന്ന് ബാങ്ക് വിളിച്ച് ആയിരങ്ങളുടെ മനം കവർന്ന കുഞ്ഞു മുഹമ്മദ് യൂസുഫ് റിയാദിലുണ്ട്. നാലു വയസ്സുകാരൻ ബാങ്ക് വിളിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഒരു കോടി ആളുകൾ കണ്ട വിഡിയോയിലെ കുഞ്ഞുനായകൻ റിയാദിൽ കുടുംബത്തോടൊപ്പം കഴിയുകയാണ്.
റിയാദിൽ ജോലി ചെയ്യുന്ന തമിഴ്നാട് മധുര സ്വദേശിയായ ആസിം-മറിയം ദമ്പതികളുടെ നാലു മക്കളിൽ നാലാമനാണ് മുഹമ്മദ് യൂസുഫ്. റമദാൻ അവസാനത്തിൽ കുടുംബത്തോടൊപ്പം മക്കയിൽ ഉംറക്ക് എത്തിയ ഈ കുഞ്ഞുമിടുക്കൻ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിനിടെ തിരക്കുകാരണം പിതാവിന്റെ തോളിൽ കയറിക്കൂടുകയായിരുന്നു. അറിയുന്ന പ്രാർഥനകൾ ചൊല്ലി ഹറമിൽ വലയം വെക്കുന്നതിനിടെ മൂന്നാമത്തെ പ്രദക്ഷിണത്തിൽ മനോഹരമായി ബാങ്ക് വിളിക്കാൻ തുടങ്ങി.
മനോഹരമായ ആ കുഞ്ഞു ശബ്ദം അവിടെ ഉണ്ടായിരുന്ന ആരോ മൊബൈലിൽ പകർത്തി. അൽപനേരത്തേക്ക് എല്ലാവരുടെയും ശ്രദ്ധ മുഹമ്മദ് യൂസുഫിലേക്ക് തിരിഞ്ഞു. തുടർന്ന് ബാങ്ക് ഉച്ചത്തിൽ മുഴക്കാൻ അവിടെയുണ്ടായിരുന്നവർ ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട ഹറം അധികാരികൾ മുഹമ്മദ് യൂസുഫിന്റെ വിഡിയോ പകർത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ബാങ്ക് പൂർത്തിയാക്കിയപ്പോൾ നിരവധിയാളുകൾ മുഹമ്മദ് യൂസുഫിനെ ചുംബിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
തുടർന്ന് മദീന സന്ദർശനത്തിൽ പ്രശസ്തമായ അബ്ദുറഹ്മാന് ബിൻ ഔഫ് പള്ളിയിൽ എത്തിയപ്പോൾ മുഹമ്മദ് യൂസുഫിനെയും പിതാവിനെയും മസ്ജിദ് അധികാരികൾ തിരിച്ചറിയുകയും അസർ ബാങ്ക് വിളിക്ക് അവസരം നൽകുകയും ചെയ്തു. ഉംറയും മദീന സന്ദർശനവും കഴിഞ്ഞ് റിയാദിൽ തിരിച്ചെത്തിയ ശേഷമാണ് ബാങ്കുവിളി വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായ വിവരം കുടുംബം അറിഞ്ഞത്.
മനോഹരമായി ബാങ്കും ഇഖാമത്തും നൽകാനും മക്കയിലെ പ്രശസ്തരായ ഇമാം മാഹിർ, യാസർ അൽദൗസരി, അബ്ദുറഹ്മാൻ ബിൻ സുദൈസ് തുടങ്ങിയവരുടെ ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്യാനും കുഞ്ഞു യൂസുഫിന് അറിയാം.
മകന്റെ വിഡിയോയിലൂടെ തന്നെയും കുടുംബത്തെയും പലരും ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും പിതാവ് ആസിം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. യൂസുഫിനു കൂട്ടായി ഖുർആൻ മനഃപാഠമാക്കിയ മൂന്നു സഹോദരങ്ങളുണ്ട്. ഒമ്പതു വർഷമായി റിയാദിൽ അൽമാറായി കമ്പനിയുടെ എഫ്.ഐ.പി ഡിപ്പാർട്മെന്റിൽ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനാണ് പിതാവ് ആസിം. മറിയമാണ് മാതാവ്. ആബിദ, അബ്രാർ, അബ്ദുല്ല എന്നിവർ സഹോദരങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.