ദുബൈ: ഒരു ലക്ഷം മികച്ച കോഡർമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചതിന് പിന്നാലെ 10 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള കോഡിങ് ചലഞ്ച് പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.
'വൺ മില്യൺ അറബ് കോഡേഴ്സിെൻറ' ബിരുദം നേടിയവരെയാണ് പുതിയ പ്രോജക്ടുകൾ സമർപ്പിച്ച് സമ്മാനം നേടാൻ ശൈഖ് മുഹമ്മദ് ക്ഷണിച്ചത്. രാജ്യത്തിെൻറ ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദിെൻറ പ്രഖ്യാപനം. ഒന്നാം സമ്മാനം നേടുന്നവർക്ക് 10 ലക്ഷം ഡോളറും രണ്ടാം സ്ഥാനത്തെത്തുന്ന അഞ്ചു പേർക്ക് 50,000 ഡോളർ വീതവും മികച്ച നാല് പരിശീലകർക്ക് 25,000 ഡോളർ വീതവും സമ്മാനം നൽകും. താൽപര്യമുള്ള കോഡർമാർ 'വൺ മില്യൺ അറബ് കോഡേഴ്സിെൻറ' വെബ്സൈറ്റ് വഴി (www.arabcoders.ae) പ്രോജക്ടുകൾ സമർപ്പിക്കണം. കോഡിങ്ങിലും സാങ്കേതികവിദ്യയിലും വിദഗ്ധരായ ജൂറിയായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. എക്സ്പോ 2020യുടെ വേദിയിൽ ഈ വർഷം അവസാനം വിജയിയെ പ്രഖ്യാപിക്കും. ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡി.എഫ്.എഫ്) നേതൃത്വം നൽകുന്ന പദ്ധതി ലോകത്തിലെതന്നെ ഏറ്റവും വലിയ കോഡേഴ്സ് പദ്ധതിയാണ്.
അറബ് ലോകത്തെ 10 ലക്ഷം യുവജനങ്ങളെ കോഡിങ് പഠിപ്പിക്കുകയാണ് ലക്ഷ്യം. യുവാക്കൾ രാജ്യത്തിെൻറ സമ്പത്താണെന്നും രാജ്യത്തിെൻറ ഭാവി അവരുടെ കൈകളിലാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
സാങ്കേതികമേഖലയുടെ ലോകത്തേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന പ്രതിഭകളെ സ്വാഗതം ചെയ്യുന്നു. അടുത്ത അഞ്ചു വർഷത്തിനകം ലക്ഷം പ്രോഗ്രാമേഴ്സിനെയും കോഡേഴ്സിനെയും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2017ലാണ് 'വൺ മില്യൺ അറബ് കോഡേഴ്സ്' പദ്ധതി പ്രഖ്യാപിച്ചത്.
80ഓളം രാജ്യങ്ങളിലെ ആയിരത്തോളം പേർ ഇതിെൻറ ഭാഗമായിരുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ലക്ഷം കോഡർമാർക്ക് യു.എ.ഇ 10 വർഷ ഗോൾഡൻ വിസ നൽകുമെന്ന് കഴിഞ്ഞദിവസം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ഡിജിറ്റൽ കമ്പനികൾ സ്ഥാപിക്കാനും പുതിയ ആശയങ്ങളും പദ്ധതികളും വികസിപ്പിക്കാനും സംരംഭകർക്കും സോഫ്റ്റ്വെയർ െഡവലപർമാർക്കും സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചിരുന്നു.
ഡിജിറ്റൽ വിദഗ്ധരെ വാർത്തെടുക്കുകയും വമ്പൻ കമ്പനികളുടെ ആസ്ഥാനമാക്കി ദുബൈയെ മാറ്റാനും ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. അന്തരാഷ്ട്രതലത്തിലെ ഡിജിറ്റൽ ഭീമൻമാരായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫേസ്ബുക്ക്, സിസ്കോ, ഐ.ബി.എം, എച്ച്.പി.ഇ, ലിങ്കെഡിൻ തുടങ്ങിയവുമായി സഹകരിച്ചാണ് കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന് പദ്ധതി നടപ്പാക്കുക.
അഞ്ചുവർഷത്തിനകം ഒരു ലക്ഷം സോഫ്റ്റ്വെയർ ഡെവലപ്പർമാരെ പരിശീലിപ്പിക്കുകയും ആകർഷിക്കുകയും 1000 വമ്പൻ ഡിജിറ്റൽ കമ്പനികൾ വികസിപ്പിക്കുകയും ചെയ്യലാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.