ദുബൈ: സ്വകാര്യ കമ്പനിയുടെ ലോക്കറിൽനിന്ന് 10 ലക്ഷം ദിർഹം കവർച്ച നടത്തിയ സംഭവത്തിന് പിന്നിൽ ജീവനക്കാർ തന്നെയാണെന്ന് ദുബൈ പൊലീസ് കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്തതായും ദുബൈ പൊലീസ് അറിയിച്ചു. സ്ഥാപനത്തിലെ പ്രധാന വാതിലിൽ പതിഞ്ഞ പ്രതികളിൽ ഒരാളുടെ ഷൂവിന്റെ അടയാളമാണ് കേസിൽ വഴിത്തിരിവായത്.
ദുബൈയിൽ അടുത്തിടെ നടന്ന വൻ കവർച്ച ആദ്യം റിപ്പോർട്ട് ചെയ്തത് അറബിക് പത്രമായ അൽ ബയാനായിരുന്നു. ജീവനക്കാരെ ബന്ദികളാക്കി കമ്പനിയുടെ ലോക്കറിൽനിന്ന് 10 ലക്ഷം ദിർഹം മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ഇവർ നൽകിയിരുന്ന മൊഴി.
കമ്പനിയുടെ പ്രധാന കവാടത്തിലൂടെ അകത്തു കടന്ന പ്രതികൾ ജീവനക്കാരെ മർദിച്ച ശേഷം പ്ലാസ്റ്റിക് വിലങ്ങ് കൊണ്ട് അവരെ ബന്ദികളാക്കുകയായിരുന്നുവത്രെ. തുടർന്ന് നാലാമത്തെ ജീവനക്കാരൻ ലോക്കറിൽ സൂക്ഷിച്ച പണം ബാഗിലാക്കി നൽകി. കവർച്ചക്കാർ പോയ ശേഷം ഇയാൾതന്നെ മറ്റുള്ളവരെ മോചിപ്പിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എന്നാൽ, ഫോറൻസിക് പരിശോധനയിൽ സ്ഥാപനത്തിന്റെ പ്രധാന വാതിലിൽ പതിഞ്ഞ ഷൂ പ്രിന്റ് നാലാമത്തെ ജീവനക്കാരന്റേതാണെന്ന് കണ്ടെത്തി. ഇയാൾ വാതിലിൽ ശക്തിയായി ചവിട്ടിയപ്പോൾ പതിഞ്ഞതാകാം ഷൂ പ്രിന്റ് എന്നാണ് കരുതുന്നത്. പ്രതിയെ പിടികൂടിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തിന്റെ സൂത്രധാരൻ ഈ ജീവനക്കാരൻതന്നെയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി സുഹൃത്തുക്കളുമായി ചേർന്ന് നടത്തിയ ആസൂത്രിത മോഷണമായിരുന്നു അതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ദുബൈ പൊലീസിലെ വിദഗ്ധ സംഘത്തിന്റെ തലവൻ ഹംദാൻ അഹ്ലി പറഞ്ഞു. തനിക്ക് നേരെ സംശയം നീളാതിരിക്കാനാണ് ബന്ദിയാക്കൽ നാടകം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.