ദുബൈ: എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലികി’ന് ഈ വർഷം ആദ്യ ആറുമാസത്തിൽ 110 കോടി ദിർഹമിന്റെ വരുമാനം. എട്ട് ടോൾ ഗേറ്റുകൾ വഴി ഇക്കാലയളവിൽ 23.85 കോടി വാഹനങ്ങൾ കടന്നുപോയി. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലെ വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 5.6 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ടോൾ ഉപയോഗത്തിൽ നിന്നുള്ള വരുമാനം ആകെ വരുമാനത്തിന്റെ 87.1 ശതമാനമാണ്. വർഷം തോറും 4.9 ശതമാനം ഉയർന്ന് 95.38 കോടി ദിർഹമായിട്ടുണ്ടിത്. 2024ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ സാലിക്ക് 56.2 കോടി ദിർഹമാണ് വരുമാനമുണ്ടാക്കിയത്. മേയ് മുതൽ ജൂൺ വരെയുള്ള രണ്ടാം പാദത്തിൽ 53.27 കോടിയായി വരുമാനം കുറഞ്ഞു. എന്നാൽ, 2023ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 3.1 ശതമാനം വർധനയാണിത്.
സാലിക്ക് രണ്ടാം പാദത്തിൽ 26.75 കോടി ദിർഹമിന്റെ ശക്തമായ അറ്റാദായവും വർഷത്തിന്റെ ആദ്യ പകുതിയിൽ മൊത്തം 54.48 കോടി ദിർഹം ലാഭവും നേടി. ഈ സാഹചര്യത്തിൽ ഒരു ഷെയറിന് 7.263 ഫിൽസിന് തുല്യമായ ഇടക്കാല ലാഭവിഹിതം സെപ്റ്റംബർ അഞ്ചോടെ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുബൈയിൽ രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറിൽ ആരംഭിക്കാനിരിക്കുകയാണ്. ബിസിനസ് ബേ ക്രോസിങ്, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് ഗേറ്റുകൾ വരുന്നത്. ഇതോടെ ടോൾ ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും. അൽഖൈൽ റോഡ് വികസന പദ്ധതി പൂർത്തിയാകുന്നതോടെയാണ് ബിസിനസ് ബേ ക്രോസിങ്ങിൽ സാലിക് ഈടാക്കി തുടങ്ങുക.
പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ അൽസഫയിൽ നിലവിലുള്ള ടോൾഗേറ്റിന് പുറമേ അൽ മൈദാൻ, ഉമ്മുശരീഫ് സ്ട്രീറ്റുകൾക്കിടയിൽ അൽസഫ സൗത്ത് എന്ന പേരിലാണ് മറ്റൊരു ടോൾ ഗേറ്റ് കൂടി പ്രവർത്തനമാരംഭിക്കുക. അൽ സഫയിലെ ഒരു ടോൾ ഗേറ്റ് കടന്ന് ഒരു മണിക്കൂറിനകം രണ്ടാമത്തെ ഗേറ്റ് കൂടി കടക്കുന്ന വാഹനങ്ങളിൽനിന്ന് ഒരിക്കൽ മാത്രമേ ടോൾ ഈടാക്കൂവെന്നും അധികൃതർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.