ദുബൈ: ഇസ്രായേൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി യു.എ.ഇ നൽകിയ സഹായവസ്തുക്കളുമായി 14 ട്രക്കുകൾ ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചു. ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് ട്രക്കുകൾ ഗസ്സ മുനമ്പിലെത്തിയത്. ഫലസ്തീനികളെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച മാനുഷിക സഹായ സംരംഭമായ ‘ഗാലന്റ് നൈറ്റ് 3 അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 300 ടൺ വസ്തുക്കളാണ് 14 ട്രക്കുകളിലായുള്ളത്. ഫെബ്രുവരി 18 വരെ 15,755 ടൺ സഹായവസ്തുക്കൾ യു.എ.ഇ ഫലസ്തീന് കൈമാറി. 163 കാർഗോ വിമാനങ്ങൾ, രണ്ട് ചരക്ക് കപ്പലുകൾ, 476 ട്രക്കുകൾ എന്നിവയിലാണ് സഹായ വസ്തുക്കൾ എത്തിച്ചത്.
കൂടാതെ ഗസ്സ മുനമ്പിൽ നിർമിച്ച ഫീൽഡ് ആശുപത്രിയിൽ ചികിത്സ ലഭിച്ച ഫലസ്തീനികളുടെ എണ്ണം 5,123 ആയി. ഫലസ്തീനികൾക്ക് കുടിവെള്ളമെത്തിക്കാനായി പ്രതിദിനം 1.2 ദശലക്ഷം ഗാലൻ സംഭരണ ശേഷിയുള്ള ആറ് ഉപ്പുജല ശുദ്ധീകരണ കേന്ദ്രവും യു.എ.ഇ നിർമിച്ചിരുന്നു. അഞ്ച് ഓട്ടോമാറ്റിക് ബേക്കറികളും ഈജിപ്ഷ്യൻ നഗരമായ അൽ ആരിഷിലേക്ക് കഴിഞ്ഞ ദിവസം എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.