വീണ്ടുമൊരു ബിനാലെക്ക് ആതിഥ്യമരുളുകളയാണ് യു.എ.ഇയുടെ സാംസ്കാരിക നഗരം. ഷാർജ ബിനാലയുടെ 15ാം പതിപ്പിന് ഫെബ്രുവരിയിൽ തുടക്കം കുറിക്കും. 70ലധികം രാജ്യങ്ങളിലെ 150ൽ പരം കലാകാരന്മാരും കൂട്ടായ്‌മകളും ഈ ബിനാലെയിൽ പങ്കാളികളാകുന്നുണ്ട്. ഇവരുടെ കലാസൃഷിടികളാൽ സമ്പന്നമാകാനൊരുങ്ങുകയാണ് ഷാർജ. ഫെബ്രുവരി ഏഴിന് തുടങ്ങുന്ന ബിനാലെ ജൂൺ 11 വരെ നീണ്ടുനിൽക്കും. വ്യത്യസ്തമായ കലാസൃഷ്‌ടികൾ കാണുന്നതിനും ആസ്വദിക്കുന്നതിനും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ് .
‘വർത്തമാനകാലത്ത് ചരിത്രപരമായി ചിന്തിക്കുക’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ബിനാലെ അരങ്ങേറുന്നത്. അന്തരിച്ച നൈജീരിയൻ ക്യൂറേറ്ററും കലാ നിരൂപകനും എഴുത്തുകാരനുമായ ഒക്വുയി എൻവെസറിന്‍റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിനാലെ ക്യൂറേറ്ററും ഷാർജ ആർട്ട്ഫൗണ്ടേഷൻ ഡയറക്ടറുമായ ശൈഖ ഹൂർ അൽ ഖാസിമി ഈ ബിനാലെയ്ക്ക് നേതൃത്വം നൽകുന്നത്. സംഗീതവും സിനിമയുമുൾപ്പെടെ നിരവധി മാധ്യമങ്ങളിലെ വൈവിധ്യമാർന്ന പ്രകടനങ്ങൾക്കൊപ്പം അൽ ദൈദ്, ഹംരിയ, കൽബ, ഖോർഫക്കാൻ, ഷാർജ നഗരം എന്നിവിടങ്ങളിലായി 18ലധികം വേദികളിൽ പരിപാടികൾ അവതരിപ്പിക്കും. രാഷ്ട്രം, പാരമ്പര്യം, വംശം, ലിംഗഭേദം, ശരീരം, ഭാവന തുടങ്ങിയ വിഷയങ്ങളും കലാകാരന്മാരുടെ വീക്ഷണങ്ങളും പ്രതിഫലിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള സന്ദർശകരെ സ്വാഗതം ചെയ്യുകയാണ് ഷാർജ.
പ്രധാനപ്പെട്ട ചരിത്രപരമായ സ്ഥലങ്ങൾ, പ്രാദേശിക കലാകേന്ദ്രങ്ങൾ, സമകാലിക ഇടങ്ങൾ എന്നിങ്ങനെ ഷാർജയുടെ ചരിത്രപരവും സാമുദായികവും ഭൂമിശാസ്ത്രപരവുമായ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചാണ് ബിനാലെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കച്ചേരികളും ശിൽപശാലകളും ദൈനംദിന ജീവിതത്തെയും പ്രാദേശിക പാരമ്പര്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത്. ഭൂതകാലവും വർത്തമാനകാലവും വൈവിധ്യമാർന്ന പോസ്റ്റ്-കൊളോണിയൽ ചരിത്രങ്ങളും ഉൾപ്പെടുന്ന 70 ലധികം പുതിയ കലാസൃഷിടികളും പ്രദർശനത്തിൽ ഉൾപ്പെടുന്നു.
കൊളോണിയലിസത്തിന്‍റെ അനന്തരഫലങ്ങളെ പ്രതിഫലിപ്പിക്കുന്ന ജോൺ അകോംഫ്ര, മരിയ മഗ്ദലീന കാംപോസ്പോൺസ്, ഡോറിസ് സാൽസെഡോ, ബേണി സിയർ, ബാർബറ വാക്കർ എന്നിവരുടെ പ്രധാന സൃഷിടികൾ ഇവിടെയുണ്ടാകും. ആധുനിക രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങൾ പുനർവിചിന്തനം ചെയ്യുന്ന കൊക്കോ ഫുസ്കോയുടെ ഫീച്ചർ ഫിലിം, ബൗച്ര ഖലീലിയുടെ ഇൻസ്റ്റലേഷൻ, അൽമാഗുൽ മെൻലിബയേവയുടെ മൾട്ടിമീഡിയ വർക്ക്, ഹജ്റ വഹീദിന്‍റെ സൗണ്ട് ഇൻസ്റ്റലേഷൻ എന്നിവയും ബിനാലെയിൽ ഉൾപ്പെടുന്നു. ഷാർജയിലെ പ്രാദേശിക വസ്തുതകൾ, മിഥ്യകൾ, കഥകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കെറി ജെയിംസ് മാർഷലിന്‍റെ പരിപാടിയും അരങ്ങേറുന്നുണ്ട്. ഗബ്രിയേല ഗോൾഡർ, ഹസ്സൻ ഹജ്ജാജ്, റാച്ചിദ് ഹെഡ്‌ലി, ടാനിയഎൽ ഖൂറി, ദി ലിവിംഗ് ആൻഡ് ദി ഡെഡ് എൻസെംബിൾ, അലൈൻ മോട്ട എന്നിവരുടെ നാടകങ്ങൾ അരങ്ങേറും. മാർച്ചിൽ മർവ അൽമുഗൈത്, ഷിറാസ് ബൈജൂ, നൈസ ഖാൻ, അകെയിം ടൗസെന്‍റ് ബക്ക് എന്നിവരുടെ പരിപാടികളുമുണ്ടാകും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.