ദുബൈ: സൈക്കിൾ സഞ്ചാരികൾക്കിതാ ഒരു സന്തോഷ വാർത്ത. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) മെയ്ദാനിൽ സൈക്ലിങ്ങിനായി മാത്രം പുതിയ ഭൂഗർഭ പാത തുറന്നു. ചൊവ്വാഴ്ചയാണ് പുതിയ സൈക്ലിങ് ട്രാക്ക് സഞ്ചാരികൾക്കായി തുറന്നത്.
160 മീറ്റർ ദൂരവും 6.6 മീറ്റർ വീതിയുമുള്ള ട്രാക്കാണ് നിർമിച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങളുടെ ശല്യമില്ലാതെ മണിക്കൂറിൽ ഏതാണ്ട് 800 സൈക്ലിസ്റ്റുകൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന വിധമാണ് ട്രാക്കിന്റെ രൂപകൽപന. ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കി മാറ്റാനുള്ള ആർ.ടി.എയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. ഇതിനായി സൈക്ലിങ് ട്രാക്കുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ജനവാസ മേഖലകളുമായും ജനപ്രിയ ഇടങ്ങളുമായും അവയെ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ആർ.ടി.എ വ്യക്തമാക്കി.
അതീവ സുരക്ഷ ഉറപ്പുവരുത്തി പൊതുജനങ്ങളും സന്ദർശകരും കായിക, വിനോദ പരിപാടികളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഏറെ കരുതലോടും ലോക നിലവാരത്തിലുമാണ് ട്രാക്കുകളുടെ നിർമാണം. സൂര്യാസ്തമയ സമയത്ത് പീഠഭൂമികളുടെയും കുന്നുകളുടെയും ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടണലിന്റെ ഇന്റീരിയർ രൂപകൽപന ചെയ്തിരിക്കുന്നത്.
രാവും പകലും സൈിക്കിളിങ്ങുകാർക്ക് കാഴ്ച എളുപ്പമാക്കാനാവുന്ന രീതിയിലാണ് ടണലിന് അകത്തുള്ള വെളിച്ച സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ഇമാറാത്തിലെ പ്രധാന ഏരിയകളെ ബന്ധിപ്പിച്ചുകൊണ്ട് സൈക്കിൾ സഞ്ചാരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതിക്ക് ആർ.ടി.എ രൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.