ദുബൈ: എമിറേറ്റിലെ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ താമസക്കാർക്കും സൗകര്യം നൽകുന്ന 'നമ്മളെല്ലാം പൊലീസാണ്' പദ്ധതിയിൽ ഏഴുമാസത്തിനിടെ 16,572 പരാതികൾ ലഭിെച്ചന്ന് ദുബൈ പൊലീസ്. 34,870 ട്രാഫിക് പിഴകളാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. ഇവയിൽ 8,976 എണ്ണം ദുബൈ പൊലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ചതും 9,321 എണ്ണം നിരീക്ഷണ കാമറകൾ പകർത്തിയതുമാണ്. അതേസമയം, ഇതേ കാലയളവിൽ സമൂഹത്തിലെ അംഗങ്ങൾ റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങളുടെ എണ്ണം 16,572 ആണെന്ന് ദുബൈ പൊലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ കേണൽ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു.ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ് വഴിയോ കാൾസെന്റർ നമ്പറായ 901ൽ വിളിച്ചോ അശ്രദ്ധമായ ഡ്രൈവർമാരെയും ട്രാഫിക് നിയമലംഘനങ്ങളെയും റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനമാണ് 'വി ആർ ഓൾ പൊലീസ്' പദ്ധതിയിലൂടെ എർപ്പെടുത്തിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ പങ്കാളികളാകാൻ ജനത്തെ പ്രാപ്തരാക്കുന്നതാണ് പദ്ധതിയെന്ന് അധികൃതർ അവകാശപ്പെട്ടു. ഈ സേവനം ഉപയോഗിച്ച് സമർപ്പിക്കുന്ന പരാതികൾ ഏറ്റവും രഹസ്യമായ രീതിയിലാണ് അധികൃതർ കൈകാര്യം ചെയ്യുന്നത്. വിവരം ലഭിച്ച ഉടൻതന്നെ വ്യക്തികൾക്കെതിരെ പിഴ ചുമത്തുകയില്ല, റിപ്പോർട്ട് പരിശോധിച്ച് ലഭ്യമായ കാമറകളും സിസ്റ്റങ്ങളും പരിശോധിച്ചശേഷം നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നത്. പിന്നീടാണ് പിഴ ചുമത്തുക. അതേസമയം ഡ്യൂട്ടിയിലില്ലാത്ത സമയത്ത് പൊലീസുകാർക്ക് ഈ സേവനം വഴി നിയമലംഘനം റിപ്പോർട്ട് ചെയ്യാനാവും. ഇത്തരം പരാതികളിൽ അപ്പോൾതന്നെ പിഴ ഈടാക്കുന്നതാണ് രീതി. ഈ വർഷം മാർച്ച്, ജൂൺ, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത് റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് സഹകരിക്കണമെന്ന് കേണൽ ജുമാ സാലിം ബിൻ സുവൈദാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.