ദുബൈ: മെട്രോ, ബസ്, ടാക്സി, ട്രാം, ജലഗതാഗതം ഉൾപ്പെടെയുള്ള ദുബൈയിലെ പൊതുഗതാഗതം ദിവസവും ഉപയോഗിക്കുന്നത് 16.8 ലക്ഷം പേരെന്ന് കണക്ക്. യാത്രക്കാരുടെ എണ്ണത്തിൽ വർഷംതോറും ഗണ്യമായ വർധനവുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഈ വർഷം ആദ്യ ആറുമാസ കാലയളവിൽ 30.4 കോടി പേരാണ് പൊതുഗതാഗം ഉപയോഗിച്ചത്. ആർ.ടി.എയുടെ 17ാം വാർഷികവും 13ാമത് പൊതുഗതാഗത ദിനവും പ്രമാണിച്ച് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കിയത്.
2021ൽ 46.1 കോടി പേരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. ദിവസവും 13 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. 2006ൽ 8715 കി. മീറ്ററായിരുന്നു ദുബൈയിലെ റോഡുകളുടെ ദൈർഘ്യമെങ്കിൽ ഇപ്പോൾ 18475 ആയി. 129 പാലമുണ്ടായിരുന്നത് ആറുമടങ്ങ് വർധിച്ച് 884 ആയി. 26 കാൽനട മേൽപാലങ്ങൾ 121 ആയി. 2006ൽ സൈക്ലിങ് ട്രാക്ക് ഒമ്പത് കിലോമീറ്ററായിരുന്നത് 2021ൽ 502 ആയി. ദുബൈ മെട്രോ ലൈനിന്റെ ദൈർഘ്യം 90 കിലോമീറ്ററായി ഉയർന്നു. 11 കിലോമീറ്ററാണ് ട്രാം. റോഡപകട മരണങ്ങൾ കുറക്കാനും കഴിഞ്ഞു. 2006ൽ ലക്ഷം പേരിൽ 22 അപകട മരണമാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 1.9 കേസായി കുറഞ്ഞു. ആർ.ടി.എയുടെ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി 106 പദ്ധതികളാണുള്ളത്. ഇതിൽ 76 എണ്ണം പൂർത്തിയായി. 14 എണ്ണം നടപ്പാക്കുന്നു. 16 എണ്ണം ഭാവിയിൽ പൂർത്തിയാക്കും. 2030ഓടെ ദുബൈയിലെ 25 ശതമാനം പൊതുഗതാഗതവും ഡ്രൈവറില്ലാ വാഹനമാക്കുന്ന പദ്ധതി നടപ്പാക്കുകയാണ്. യു.എസിനുപുറത്ത് ക്രൂയിസ് സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ വാണിജ്യപരമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ദുബൈ മാറും. അടുത്ത വർഷത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങും. 2030ഓടെ ഇത്തരം 4000 വാഹനങ്ങളാണ് ഇറക്കാനുദ്ദേശിക്കുന്നത്. ടാക്സിക്കായി ഉപഭോക്താക്കളുടെ കാത്തിരിപ്പ് സമയം 11.4 മിനിറ്റിൽനിന്ന് 3.7 മിനിറ്റായി കുറഞ്ഞു.
ഇന്ധന ഉപഭോഗം 18 ശതമാനം കുറക്കാനും കഴിഞ്ഞു. എണ്ണ ഉപയോഗം 36 ശതമാനം കുറഞ്ഞു. ഡീസൽ ഉപയോഗവും 15 ശതമാനം കുറഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡ് ടാക്സികളുടെ ഉപയോഗമാണ് എണ്ണ ഉപഭോഗം കുറയാൻ കാരണം. അതേസമയം, വൈദ്യുതി ഉപയോഗം 11 ശതമാനം കൂടിയിട്ടുണ്ട്. ദുബൈ മെട്രോ 15 കിലോമീറ്റർ കൂടി നീട്ടിയതാണ് വൈദ്യുതി ഉപയോഗം കൂടാൻ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.