ഷാർജ: ലോകത്തിലെ വലിയ പുസ്തകോത്സവമായി മാറിയ 40ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 109 രാജ്യങ്ങളിൽനിന്നുള്ള 16.90 ലക്ഷം സന്ദർശകർ എത്തിയെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അംറി അറിയിച്ചു. 83 രാജ്യങ്ങളിൽനിന്നുള്ള 1632 പ്രസാധകരെ അണിനിരത്തിയാണ് ഷാർജ ലോകത്തിെൻറ സാംസ്കാരിക സിംഹാസനത്തിൽ ഇരിപ്പുറപ്പിച്ചത്.
സന്ദർശകരിൽ 51.9 ശതമാനം സ്ത്രീകളും ബാക്കി പുരുഷന്മാരുമായിരുന്നുവെന്ന് എസ്.ബി.എ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. സ്ത്രീ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങളും പ്രകാശനം ചെയ്തു. പുസ്തകോത്സവത്തിെൻറ സംഘാടനത്തിലും സ്ത്രീപങ്കാളിത്തം കൂടുതലായിരുന്നു. സന്ദർശകരിൽ 52.2 ശതമാനവും 16നും 30നും ഇടയിൽ പ്രായമുള്ളവരായിരുന്നു. 31നും 45നും ഇടയിലുള്ളവർ 35.5 ശതമാനവും 11.1 ശതമാനം 46 വയസ്സും അതിൽ കൂടുതലുമുള്ളവരുമായിരുന്നു. 90.2 ശതമാനം സന്ദർശകരും മേളയിൽ പങ്കെടുക്കാൻ നഗരിയിൽ രജിസ്റ്റർ ചെയ്തപ്പോൾ 9.8 ശതമാനം പേർ എസ്.ബി.എയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയാണ് രജിസ്റ്റർ ചെയ്തത്.
16 ലക്ഷം സന്ദർശകരിൽ ഏകദേശം 20,000 പേർ 11 ദിവസത്തെ മേളയിലേക്ക് ഒന്നിലധികം തവണ എത്തി. കൂടാതെ ആയിരങ്ങൾ മൂന്നു മുതൽ ഏഴു തവണ വരെ സന്ദർശിച്ചു.
പുസ്തകമേള പ്രധാന സാംസ്കാരിക ആകർഷണമാണെന്നതിെൻറ സൂചനയാണിത്. മേളയിൽ 109 രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെ സ്വീകരിച്ചപ്പോൾ, യു.എ.ഇ ഒന്നാം സ്ഥാനവും ഇന്ത്യ, ഈജിപ്ത്, സിറിയ, ജോർഡൻ, പാകിസ്താൻ, ഇറാഖ്, ഫിലിപ്പീൻസ്, മൊറോക്കോ, തുനീഷ്യ, സുഡാൻ, അൽജീരിയ, ഇറ്റലി, ഫ്രാൻസ്, ജർമനി, ഡെന്മാർക്, ഓസ്ട്രിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരും ധാരാളമെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.