ദുബൈ: ഒരു ദിവസം എമിറേറ്റിലെ വിവിധ ഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം 20 ലക്ഷത്തിലെത്തി. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ സേവന ഉപയോക്താക്കളുടെ എണ്ണം റെക്കോഡിലെത്തിയത് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് വെളിപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും മികച്ച ബഹുജന ഗതാഗത സേവനങ്ങൾ നൽകിവരുന്ന ആർ.ടി.എയെ ട്വീറ്റിലൂടെ അഭിനന്ദിക്കുകയും ചെയ്തു. ബസ്, മെട്രോ, ടാക്സി, സമുദ്ര ഗതാഗത മാർഗങ്ങൾ എന്നിവയിലൂടെയാണ് ഇത്രയും യാത്രക്കാർ ദിനേന സഞ്ചരിക്കുന്നത്. ഗതാഗത രംഗത്ത് നിരവധി നൂതന സംവിധാനങ്ങൾ ആർ.ടി.എ നടപ്പാക്കാൻ ഒരുങ്ങിനിൽക്കുകയുമാണ്.
2026ഓടെ ആരംഭിക്കാനിരിക്കുന്ന ‘പറക്കും ടാക്സി’ സർവിസ് ഗതാഗതസേവനങ്ങളിൽ പുതിയ അധ്യായമായിരിക്കുമെന്നും ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു. മൂന്നു വർഷത്തിനകം എയർ ടാക്സികൾ പ്രവർത്തനമാരംഭിക്കുമെന്ന് ദിവസങ്ങൾക്കുമുമ്പ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വെളിപ്പെടുത്തിയിരുന്നു.
ഇതിനു മുന്നോടിയായി ടാക്സി സ്റ്റേഷനുകൾ നിർമിക്കുന്നതിന് രൂപരേഖക്ക് ആഗോള സർക്കാർ ഉച്ചകോടി സന്ദർഭത്തിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം, ഡൗൺടൗൺ ദുബൈ, പാം ജുമൈറ, ദുബൈ മറീന എന്നീ നാല് പ്രധാന മേഖലകളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക.
ഈ വർഷം അവസാനത്തോടെ ഡ്രൈവറില്ലാ ടാക്സികൾ ഓടിത്തുടങ്ങുമെന്നും അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷങ്ങളിൽ നടപ്പാക്കുന്ന സുപ്രധാന പദ്ധതികൾ സാധാരണക്കാർക്കും പ്രാപ്യമാകുമെന്നും വ്യക്തമായിട്ടുണ്ട്. 2026 മുതൽ ഘട്ടംഘട്ടമായാണ് പറക്കും ടാക്സികൾ നടപ്പാക്കാൻ അധികൃതർ ആഗ്രഹിക്കുന്നത്. നിരക്ക് കുറക്കുന്നതും ഘട്ടംഘട്ടമായായിരിക്കും നടപ്പാക്കുക.
2030ഓടെ 25 ശതമാനം യാത്രകളും ഡ്രൈവറില്ലാ വാഹനങ്ങളിലാക്കാനാണ് ദുബൈ ലക്ഷ്യമിടുന്നതെന്നും 2023 അവസാനത്തോടെ പത്ത് ഓട്ടോണമസ് ടാക്സികൾ ജി.എം ക്രൂയിസുമായി സഹകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിവേഗം നൂതന സംവിധാനങ്ങൾ നടപ്പാക്കുന്ന ആർ.ടി.എ ദുബൈ നഗരത്തിൽ ഫുഡ് ഡെലിവറിക്ക് റോബോട്ടുകൾ ഉപയോഗിക്കാനും പദ്ധതിയിടുന്നുണ്ട്. ദുബൈ സിലിക്കൺ ഒയാസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിന് ഇറങ്ങുന്നത്. ആർ.ടി.എയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ‘തലബോട്ട്’ എന്നാണ് ഫുഡ് ഡെലിവറിക്ക് രംഗത്തിറക്കുന്ന റോബോട്ടുകൾക്ക് പേരിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.