ദുബൈ: കഴിഞ്ഞ മാസം ഷാർജ എമിറേറ്റിൽ 200കോടി ദിർഹമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നതായി റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വിഭാഗം അറിയിച്ചു. ആകെ 3264 ഇടപാടുകളാണ് ആഗസ്റ്റിൽ നടന്നതെന്നും അധികൃതർ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കുന്നു. ആകെ 51ലക്ഷം സ്ക്വയർ ഫീറ്റ് ഏരിയയാണ് വിവിധ ഇടപാടുകളിലായി വിറ്റുപോയിരിക്കുന്നത്. ആകെ വിൽപന ഇടപാടുകൾ കഴിഞ്ഞ മാസം നടന്നത് 781എണ്ണമാണ്. ഇത് ആകെ ഇടപാടുകളുടെ 24 ശതമാനം വരും.
കഴിഞ്ഞ മാസങ്ങളിലായി വലിയ കുതിപ്പാണ് എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖല കൈവരിച്ചിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഷാർജ സർക്കാറിന്റെ പിന്തുണയും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അഭിമാനകരമായ നേതൃത്വവുമാണ് എമിറേറ്റിലെ സുപ്രധാന മേഖലയായ റിയൽ എസ്റ്റേറ്റ് വളർച്ചക്ക് നിദാനമായതെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
എമിറേറ്റിൽ ആഗസ്റ്റിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നിരിക്കുന്നത് മുവൈലിഹ് വാണിജ്യ മേഖലയിലാണെന്നും അധികൃതർ വെളിപ്പെടുത്തി. ഇവിടെ 168 ഇടപാടുകളാണ് ഒരു മാസക്കാലയളവിൽ മാത്രം നടന്നത്.
എമിറേറ്റിലെ റിയൽഎസ്റ്റേറ്റ് മേഖല ഈ വർഷം ആദ്യ പകുതിയിൽ 1340കോടി ദിർഹമിന്റെ വ്യാപാര മൂല്യം കൈവരിച്ചതായി നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു. രണ്ടാം പകുതിയിലും മികച്ച മുന്നേറ്റമാണെന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പകുതിയിൽ 19.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ലോകത്തെ 88 രാജ്യക്കാരാണ് ഈ കാലയളവിൽ ഷാർജയിൽ നിക്ഷേപം നടത്തിയത്. സ്വദേശി നിക്ഷേപകരുടെ എണ്ണം 7,033ഉം ജി.സി.സി രാജ്യങ്ങളിലെ നിക്ഷേപകരുടെ എണ്ണം 525 ആണ്. ഗൾഫ് ഇതര അറബ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം 1,824 ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ എണ്ണം 1,278 ഉം ആണെന്നും നേരത്തേ റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.