ദുബൈ: ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഗ്രന്ഥശാല എന്ന നിലയിൽ ശ്രദ്ധനേടിയ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് ലൈബ്രറിയിൽ കാഴ്ച പരിമിതിയുള്ളവർക്കുവേണ്ടി 2000 ബ്രെയിലി പുസ്തകങ്ങൾ സജ്ജമാക്കി. ഭിന്നശേഷിക്കാർക്ക് വേണ്ടി ലൈബ്രറിയിൽ സജ്ജമാക്കുന്ന വിവിധ സംവിധാനങ്ങളിൽ ഉൾപ്പെടുത്തിയാണ് ബ്രെയിലി പുസ്തകങ്ങളുടെ വൻ ശേഖരമെത്തിയത്. പുസ്തകങ്ങൾക്ക് പുറമെ വിവിധ ഓഡിയോവിഷ്വൽ സാങ്കേതിക സംവിധാനങ്ങളും ഇവിടെ ഭിന്നശേഷിക്കാർക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.
അറബിയിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങളാണ് ബ്രെയിലി ലിപിയിൽ ലഭ്യമാക്കിയിട്ടുള്ളത്. സാഹിത്യം, ചരിത്രം, അക്കാദമിക് തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങളാണിത്. ബ്രെയിലി വായന ഉപകരണങ്ങൾ, പ്രിന്ററുകൾ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയിലെ കാറ്റലോഗിൽ പുസ്തകങ്ങളുടെ പട്ടിക ബ്രെയിലി ലിപിയിൽക്കൂടി ഉൾക്കൊള്ളിച്ചത് കാഴ്ച പരിമിതിയുള്ളവർക്ക് പ്രയാസ രഹിതമായ അനുഭവം സമ്മാനിക്കും.
നിശ്ചയദാർഢ്യ വിഭാഗത്തിലെ ആളുകളുമായി സംവദിക്കാനും ആശയവിനിമയം നടത്താനും ജീവനക്കാരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് വർക്ക്ഷോപ്പുകൾ നടത്താനും ലൈബ്രറി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെട്ട, ഏഴുനിലകളിലായി സജ്ജീകരിച്ച ലൈബ്രറിയിൽ 10 ലക്ഷത്തിലധികം പുസ്തകങ്ങളുണ്ട്. ദുബൈയുടെ പ്രകൃതി സൗന്ദര്യമായ ക്രീക്കിന്റെ തീരത്താണ് തുറന്നുവെച്ച പുസ്തക രൂപത്തിൽ ഇതിനായി കെട്ടിടം പണിതുയർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.