യു.എ.ഇക്ക് പ്രണാമം; 13 രാജ്യക്കാര്‍ ചേര്‍ന്ന് സംഗീത ആല്‍ബം

അബൂദബി: യു.എ.ഇയുടെ 44ാം ദേശീയ ദിനത്തിനും പ്രഥമ രക്തസാക്ഷി ദിനത്തിനും പ്രണാമമര്‍പ്പിച്ച് വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള പ്രവാസികളും സ്വദേശിയും ചേര്‍ന്ന് സംഗീത ആല്‍ബം അണിയിച്ചൊരുക്കി. 
ജീവിതവും സുരക്ഷിതത്വവും പകര്‍ന്ന രാജ്യത്തിനോടുള്ള ആദരവ് അര്‍പ്പിച്ചാണ് 12 സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് ‘ട്രിബ്ര്യൂട്ട് ഹീറോസ് ഓഫ് യു.എ.ഇ ആന്‍തെം’ എന്ന ആല്‍ബം ഒരുക്കിയത്. യു.എ.ഇയില്‍ പ്രഫഷനല്‍ സംഗീത ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഒത്തുചേര്‍ന്നാണ് ഒരാഴ്ച കൊണ്ട് ആല്‍ബം ഒരുക്കിയത്. യു.എ.ഇ, ഇന്ത്യ, പാകിസ്താന്‍, അമേരിക്ക, ബ്രിട്ടന്‍, അര്‍ജന്‍റീന, സിംബാംബ്വെ, ഫ്രാന്‍സ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, നൈജീരിയ, ആസ്ത്രേലിയ, അയര്‍ലാന്‍റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തദ്ദേശീയ സംഗീത ഉപകരണങ്ങള്‍ അടക്കം ഉപയോഗിച്ചാണ് യു.എ.ഇ ഭരണാധികാരികള്‍ക്കും രക്തസാക്ഷികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് സംഗീത ആല്‍ബം ഒരുക്കിയത്.
 ഫ്രഞ്ച് ഹോണ്‍, വയലിന്‍, ഇന്ത്യന്‍ ഫ്ളൂട്ട്, ഓബോ, ക്ളാസിക്കല്‍ ഫ്ളൂട്ട്, ക്ളാസിക്കല്‍ ഗിത്താര്‍, വയോള, ചെല്ളോ, ബാസ് ഗിത്താര്‍, ഗിത്താര്‍, റെക്കോര്‍ഡര്‍ തുടങ്ങിയ സംഗീത ഉപകരണങ്ങളാണ് ഉപയോഗിച്ചത്. 
മൂന്നു ഘട്ടമുള്ള ആല്‍ബത്തില്‍ ആദ്യ ഘട്ടത്തില്‍ യു.എ.ഇ ഭരണാധികാരികള്‍ക്കും രണ്ടാം ഘട്ടത്തില്‍ രക്തസാക്ഷികള്‍ക്കും അഭിവാദ്യം അര്‍പ്പിക്കുന്നു. 
മൂന്നാം ഘട്ടം വ്യത്യസ്ത സംഗീത ഉപകരണങ്ങളിലൂടെ യു.എ.ഇ ദേശീയ ഗാനം ആലപിക്കുന്നതാണ്. 
മാന്യമായ ജീവിതം സമ്മാനിക്കുന്ന യു.എ.ഇക്ക് രക്തസാക്ഷി- ദേശീയ ദിനങ്ങളില്‍ തങ്ങളുടേതായ സംഭാവന അര്‍പ്പിക്കണമെന്ന് മലയാളിയായ സാം തോമസിന്‍െറ ആശയത്തില്‍ നിന്നാണ് ആല്‍ബം പിറക്കുന്നത്. സംഗീത സംവിധായകന്‍ കൂടിയായ സാം ഇത് സുഹൃത്തുക്കളായ മനു കല്ലറയോടും അഷ്റഫിനോടും പങ്കുവെച്ചു. അഷ്റഫ് ഛായാഗ്രഹണവും മനു എഡിറ്റിങും ഏറ്റെടുത്തതോടെ  പോറ്റു നാടിനായി സംഗീതാര്‍പ്പണം എന്ന സ്വപ്നത്തിന് ചിറക് വെച്ചു. 
ഇവര്‍ക്ക് പിന്തുണയുമായി ദുബൈയില്‍ സ്വകാര്യ എയര്‍ലൈന്‍സ് സ്ഥാപനം നടത്തുന്ന ജേക്കബ് മാത്യുവും രംഗത്തത്തെി. 
തുടര്‍ന്ന് ഒരാഴ്ചക്കുള്ളില്‍ ആല്‍ബം പൂര്‍ത്തിയാക്കുകയായിരുന്നുവെന്ന് പന്തളം സ്വദേശിയായ സാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
സ്വദേശി ഗായകനായ ആദില്‍ ഇബ്രാഹീമാണ് ആലപിച്ചിരിക്കുന്നത്. 
ലോകഭാഷയായ സംഗീതം ഉപയോഗിച്ച് ലോകത്തെ എല്ലാ രാജ്യക്കാരും ഒത്തൊരുമയോടെ സുരക്ഷിതമായി ജീവിക്കുന്ന യു.എ.ഇക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ സാധിച്ചത് ഏറെ അഭിമാനാര്‍ഹമാണെന്നും സാം പറഞ്ഞു. ലോകത്തും ഇന്ത്യയിലും അസഹിഷ്ണുതയും വര്‍ഗീയതയും വളരുമ്പോഴാണ് വിവിധ മതസ്ഥരും രാജ്യക്കാരുമാവര്‍ ഒത്തുചേര്‍ന്നത്. . 
വാല്‍ഡസ് ലോറന്‍റ്, ഡെന്യൂ ഫാബ്രിസ് (ഇരുവരും ഫ്രാന്‍സ്), ട്രേസീ കീലേ (ബ്രിട്ടന്‍), ഹരി ശ്രീധര്‍ (ഇന്ത്യ), ലോറന്‍ ടേണര്‍ (സിംബാബ്വെ), പ്രസന്ന സഞ്ജീവ (ശ്രീലങ്ക), ഒബ്രിയാന്‍ ഐന്‍ (അയര്‍ലാന്‍റ്), വാള്‍ സോള്‍ (അമേരിക്ക), ക്ളാറ അസാജെ (അര്‍ജന്‍റീന), അഫാഖ് അഹമ്മദ് (പാകിസ്താന്‍), അംബോ ഡൊളോറസ് (ഫിലിപ്പൈന്‍സ്), ബോയെ ഹെന്‍ട്രി (നൈജീരിയ) എന്നിവരാണ് സംഗീത ഉപകരണങ്ങള്‍ വായിച്ചിരിക്കുന്നത്. അനു പ്രശാന്ത്, ജെവിന്‍ വര്‍ഗീസ്, ജിബിന്‍ ജോര്‍ജ്, സയ്ദ സൈനബ് എന്നിവര്‍ പിന്നണിയിലും പ്രവര്‍ത്തിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.