അനുസ്മരണവും ആഘോഷവും ഒന്നിക്കുന്ന യു.എ.ഇ

യു.എ.ഇ 44ാം ദേശീയ ദിനമാഘോഷിക്കുകയാണ്. 1971 ഡിസംബര്‍ രണ്ടിനാണ് ഏഴു നാട്ടുരാജ്യങ്ങള്‍ സമന്വയിപ്പിച്ച് ശൈഖ് സായിദുബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ ഐക്യ അറബ് എമിറേറ്റ്സ് രൂപവത്കൃതമായത്. വിവേക പൂര്‍ണമായ ആ ചരിത്ര സംഭവത്തിന് ശൈഖ് സായിദിനോടൊപ്പം തോളുരുമ്മി നിന്നത് ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തും ആയിരുന്നു. ടൂഷ്യല്‍ സ്റ്റേറ്റുകളെന്നറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് അധിനിവേശ രാജ്യങ്ങളെ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഒന്നിപ്പിക്കുകയും ഭ്രദമായ ഒരു രാഷ്ട്ര സമുച്ചയമാക്കി മാറ്റുകയും ചെയ്ത ധീഷണാപൂര്‍വമായ നടപടി ചരിത്രത്തില്‍ എന്നും അനുസ്മരിക്കപ്പെടുന്ന സംഭവമാണ്. 
1981 മേയ് 25ന് പേര്‍ഷ്യന്‍ ഗള്‍ഫിലെ ആറു രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് ജി.സി.സി രൂപവത്കരിക്കുന്നതിലും യു.എ.ഇ സാരഥികള്‍ മഹത്തായ പങ്കാണ് വഹിച്ചത്. ശൈഖ് സായിദിന്‍െറ കാര്‍മികത്വത്തില്‍ അബൂദബിയിലായിരുന്നു ജി.സി.സി രൂപവത്കരണം. 1981ല്‍ തന്നെ അബൂദബിയില്‍ നടന്ന സമ്മേളനത്തിലാണ് സാമ്പത്തിക മേഖലയിലും രാജ്യരക്ഷാ രംഗത്തും സഹകരണം ഉറപ്പുവരുത്തിയ കരാറുകള്‍ തയാറാക്കിയത്. എണ്ണയുത്പാദനം  തുടങ്ങിയതോടെ ജി.സി.സി രാഷ്ട്രങ്ങള്‍ ബാഹ്യശക്തികളുടെ സമ്മര്‍ദ്ദവും അധിനിവേശരുടെ ആക്രമണവും തടുത്ത് നിര്‍ത്താനുള്ള ശക്തമായ സുരക്ഷാകവചമെന്ന നിലക്ക് ഗള്‍ഫ് രാഷ്ട്ര സഹകരണ വേദിയിയില്‍ ഒന്നിക്കുന്നതിന് യു.എ.ഇ ഭരണാധികാരികളുടെ മാതൃകാപരമായ നേതൃത്വവും മാര്‍ഗ ദര്‍ശനവും കാരണമായിരുന്നു. 
നാലു പതിറ്റാണ്ടുകളിലൂടെ യു.എ.ഇ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. ആഭ്യന്തര സുരക്ഷയും പരസ്പര സഹകരണവും അയല്‍പക്ക ബന്ധങ്ങളും കാത്തുസൂക്ഷിക്കുന്നതില്‍ യു.എ.ഇ എന്നും  ലോകത്തിന് തന്നെ മാതൃകയായിരുന്നു. ഇറാനുമായുള്ള ദ്വീപ് തര്‍ക്കം പരസ്പര സംഘര്‍ഷത്തിലേക്കത്തൊതിരിക്കാന്‍ തന്ത്രപൂര്‍വവും ധിഷണാപൂര്‍വവുമായ നയനിലപാടുകളാണ് യു.എ.ഇ സ്വീകരിച്ചു പോന്നത്.  
സുന്നി, ശീയാ സംഘര്‍ഷങ്ങള്‍ക്ക് ഇടം കൊടുക്കാതെ, ഇറാനുമായും ശീയാ വിഭാഗവുമായും സൗമനസ്യത്തിന്‍െറയും വീട്ടുവീഴ്ചയുടെയും സമീപന നയങ്ങളാണ് യു.എ.ഇ നാളിതുവരെ സ്വീകരിച്ചുപോന്നത്. ഇറാനികളായ നിരവധി കച്ചവടക്കാര്‍ യു.എ.ഇയില്‍ സുരക്ഷിതരായി വാണിജ്യ വ്യാപാര രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
അതോടൊപ്പം ദുബൈ കേന്ദ്രീകരിച്ച് ഇറാനുമായുള്ള കയറ്റിറക്കുമതിയും നിരന്തരം തുടര്‍ന്ന് വരുന്നു. അടുത്തിടെ രാഷ്ട്രാന്തരീയ രംഗത്ത് ഉരുത്തിരിഞ്ഞ കാലുഷ്യത്തിന്‍െറ കാര്‍മേഘപടലങ്ങള്‍ യു.എ.ഇയെ ബാധിച്ചിട്ടില്ല എന്നത് ആ രാഷ്ട്രത്തിന്‍െറ വിദേശ നയത്തിന്‍െറ വിജയമായി കണക്കാക്കാം. 
2013ല്‍ കുവൈത്തില്‍ ചേര്‍ന്ന 34ാം ജി.സി.സി ഉച്ചക്കോടിയില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പരസ്പര സഹകരണം രാജ്യരക്ഷാ രംഗത്തു സൈനിക സഹായം കൂടി ഉള്‍ക്കൊള്ളിച്ചു ശക്തിപ്പെടുത്തിയിരുന്നു. സംയുക്ത സൈനികജണ്ടയുടേയും രൂപവത്കരണം നടന്നത് ആ ഉച്ചകോടിയുടെ തീരുമാനമനുസരിച്ചാണ്. 
2011 മാര്‍ച്ചില്‍ ബഹ്റൈനില്‍ ശിയാവിഭാഗം നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ സൗദ്യ അറേബിയും യു.എ.ഇയും ബഹ്റൈനിനെ സഹായിക്കാന്‍ സൈന്യത്തെ അയച്ചതും ഈ വര്‍ഷം യമനില്‍ നടന്ന ശിയാ പക്ഷ ഹൂതീ മിലീഷ്യയെ നേരിടാന്‍ സൗദി സേനയെ സഹായിക്കാന്‍ യു.എ.ഇ സൈന്യത്തെ നിയമിച്ചതും ഈ കരാറിന്‍െറ അടിസ്ഥാനത്തിലായിരുന്നു. യമിനില്‍ ഹൂതികളുടെ  മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 45 ലേറെ യു.എ.ഇ സൈനികരുടെ സ്മരണാര്‍ഥം കഴിഞ്ഞ ദിവസം രക്തസാക്ഷി ദിനം ആചരിക്കുകയും ചെയ്തു യു.എ.ഇ
ചുരുക്കത്തില്‍ ദു:ഖവും സന്തോഷവും മേളിച്ച ഒരാഴ്ച നീണ്ട അവധി പ്രഖ്യാപനത്തോടെയാണ്  യു.എ.ഇയുടെ ഇത്തവണത്തെ അനുസ്മരണ, ആഘോഷ ചടങ്ങ്. പതാക താഴ്ത്തിയും ദു:ഖ:സൂചകമായ ചിഹ്നങ്ങള്‍ അണിഞ്ഞും നവംബര്‍ 30ന് വീര രക്തസാക്ഷികളെ അനുസ്മരിച്ചതോടൊപ്പം 44ാം ദേശീയ ദിനാഘോഷം അമിതമായ ആഹ്ളാദാരവങ്ങളില്ലാതെ ആഘോഷിക്കാനാണ് തീരുമാനം. 
മേഖലയില്‍ സാമ്പത്തികമായും സാംസ്കാരികമായും മുന്നില്‍ നില്‍ക്കുന്ന യു.എ.ഇയുടെ ദു:ഖവും സന്തോഷവും ഏറ്റുവാങ്ങാല്‍ പൗര ജന സഞ്ചയവും പ്രവാസി സമൂഹവും ഒരുങ്ങിക്കഴിഞ്ഞു.  ഇന്ത്യയുമായി വിശിഷ്യാ കേരളവുമായി നാനോന്‍മുഖ ബന്ധങ്ങളുള്ള യു.എ.ഇയുടെ തുടിപ്പും മിടിപ്പും കുതിപ്പും കിതപ്പും ഏറ്റവും ബാധിക്കുക ഇന്ത്യന്‍ പ്രവാസികളെയാണ്. തങ്ങളുടെ പോറ്റമ്മയായ യു.എ.ഇയെ അകമഴിഞ്ഞ് സ്നേഹിക്കുകയും ഉള്ളുറഞ്ഞ് സേവിക്കുകയും ചെയ്യാന്‍ അവര്‍ എന്നും സന്നദ്ധരാണ്.
അതോടൊപ്പം നാടിന്‍െറ അന്തസ് കാത്ത് സൂക്ഷിക്കാനും കരാര്‍ പാലിക്കാനും ജീവത്യാഗം വരിച്ച രക്തസാക്ഷികളുടെ പാരത്രിക മോക്ഷത്തിനായി ഓരോ ഇന്ത്യക്കാരനും പ്രാര്‍ഥിക്കുകയും ആ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു. യു.എ.ഇ ഭരണാധികാരികള്‍ രക്ത സാക്ഷികളുടെ കുടുംബങ്ങളില്‍ ചെന്ന് അവരെ സമാശ്വാസിപ്പിക്കുകയും അവരുടെ ഭാവി ജീവിതത്തിന് ഭദ്രമായ ജീവിതായോധന മാര്‍ഗങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തത് ശുഭോദര്‍ക്കമായ കാര്യമാണ്. 
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ക്രമേണ കരകയറുന്ന ഗള്‍ഫ് രാഷ്ട്രങ്ങളെ പെട്രോള്‍ വിലിടിവ് ഗുരുതരമായി ബാധിച്ചു തുടങ്ങിയപ്പോള്‍ ബുദ്ധിപൂര്‍വമായ ആസൂത്രണത്തിലൂടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ച രാഷ്ട്രങ്ങളിലൊന്നാണ് യു.എ.ഇ. 
വികസന പദ്ധതികള്‍ വെട്ടിച്ചുരുക്കാതെ തന്നെ ചെലവുചുരുക്കിയും ബാങ്കുകളെ നിയന്ത്രിച്ചും വിദേശത്തേക്കുള്ള പണമൊഴുക്ക് തടഞ്ഞും സാമ്പത്തിക ഭദ്രത കാത്തുസൂഷിക്കാന്‍ യു.എ.ഇക്കായിട്ടുണ്ട്. അതോടൊപ്പം വികസന കുതിപ്പ് തുടരുന്ന ഇന്ത്യയുമായി വ്യാപാര, വാണിജ്യ കരാറുകളിലൂടെയും ശാസ്ത്ര, സാങ്കേതിക കൈമാറ്റങ്ങളിലൂടെയും സാംസ്കാരിക കലാവിനിമയത്തിലൂടെയും ഭദ്രമായ സുഹൃത് ബന്ധം സ്ഥാപിക്കാന്‍  യു.എ.ഇക്ക് കഴിഞ്ഞത് വന്‍നേട്ടമായാണ്  കണക്കാക്കപ്പെടുന്നത്. ടൂറിസം വികസനവും സന്ദര്‍ശക വിസ ലഭ്യതയും  യാത്രാ സൗകര്യങ്ങളും യു.എ.ഇയെ ആധുനിക ലോകത്ത് പ്രിയങ്കര രാഷ്ട്രമാക്കി മാറ്റിയിട്ടുണ്ട്. 
ആകാശ യാത്രയില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് യു.എ.ഇയാണ്.  നല്ലവരായ പൗരസഞ്ചയവും സേവന തല്‍പരരായ പ്രവാസി സമൂഹവും യു.എ.ഇയെ ഇനിയുമിനിയും ഉയരങ്ങളിലത്തെിക്കാന്‍ പ്രതിജ്ഞാ ബദ്ധരാണ്. 
ഈ ജന്മദിനാഘോഷം നവജാഗരണത്തിന്‍െറയും സമവായത്തിന്‍െറയും ഉദാത്ത സന്ദേശമുള്‍ക്കൊള്ളുന്നതാവട്ടെയെന്ന് ആശംസിക്കുന്നു. യു.എ.ഇ ജനതക്കും ഭരണകര്‍ത്താക്കള്‍ക്കും പ്രവാസികള്‍ക്കും ഐശര്യപൂര്‍ണവും അനുഗൃഹീതവുമായ നല്ല നാളുകള്‍ നേര്‍ന്നു കൊള്ളുന്നു. എല്ലാവരുടെയും നന്മക്കായി പ്രാര്‍ഥിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.