പിണറായിയുമായി സംവദിച്ച് പ്രവാസികള്‍

ദുബൈ: അടുത്ത മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു അവര്‍ പിണറായി വിജയനോട് ആവലാതികള്‍ പറഞ്ഞതും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതും ആശയങ്ങളും ആഗ്രഹങ്ങളും പങ്കുവെച്ചതും. എന്നാല്‍ ആ വിശേഷണത്തോട് സി.പി.എം പോളിറ്റ്ബ്യൂറോ അംഗമായ പിണറായി പ്രതികരിച്ചതേയില്ല. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ കേരള വികസനം സംബന്ധിച്ച് പ്രവാസലോകത്തെ സാമൂഹിക,സാംസ്കാരിക, ബിസിനസ്, പ്രഫഷണല്‍ രംഗത്തെ പ്രമുഖരുമായി പിണറായി വിജയന്‍ സംവദിക്കുന്ന ചടങ്ങായിരുന്നു വേദി. സദസ്സില്‍ നിന്ന് സംസാരിക്കാന്‍ എഴുന്നേറ്റവരില്‍ ഭൂരിഭാഗവും പിണറായി അടുത്ത കേരള മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പുള്ളതിനാലാണ് തങ്ങള്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നതെന്ന് പറഞ്ഞാണ് തുടങ്ങിയത്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഗഹനമായും വ്യക്തമായും പിണറായി മറുപടി പറയുകയും ചെയ്തു. മൂന്നു ദിവസത്തെ ദുബൈ സന്ദര്‍ശനത്തിനത്തെിയ പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ദുബൈയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുമായി കേരള വികസനം സംബന്ധിച്ച് സംവദിക്കുകയും അവരുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു.

നാളത്തെ കേരളം എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച് പ്രവാസികളുമായി അര്‍ഥവത്തായ ആശയവിനിമയം നടത്താനാണ് പിണറായി ദുബൈയിലത്തെിയതും ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതുമെന്നായിരുന്നു മോഡറേറ്ററായ കൈരളി ടി.വി എംഡി ജോണ്‍ ബ്രിട്ടാസ് ആമുഖമായി പറഞ്ഞത്. എന്തുകൊണ്ട് പിണറായി എന്ന് സംശയമുണ്ടെങ്കില്‍ നിശ്ചയദാര്‍ഢ്യവും നിലപാടുമുള്ള കേരളത്തിലെ അപൂര്‍വ നേതാക്കളിലൊരാള്‍ എന്നാണ് മറുപടിയെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുപക്ഷത്തിന്‍െറ പ്രകടന പത്രിക തയാറാക്കുന്നതിന് മുന്നോടിയായി വിവിധ ജനവിഭാഗങ്ങളുടെ അഭിപ്രായം തേടുന്ന പ്രക്രിയയുടെ ഭാഗമായാണ് താന്‍ പ്രവാസികള്‍ക്ക് മുന്നിലത്തെിയതെന്ന് തുടര്‍ന്ന് സംസാരിച്ച പിണറായി വ്യക്തമാക്കി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു പ്രകടന പത്രിക തയാറാക്കിയത് ജനങ്ങളുടെ അഭിപ്രായം തേടിയ ശേഷമായിരുന്നു. ഇത് നന്നായെന്നാണ് അനുഭവം.അതുകൊണ്ട് അതേ മാതൃക നിയമസഭാ തെരഞ്ഞെടുപ്പിലും വിപുലമായ രീതിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ മേഖലകളിലെ ഒട്ടേറെ വിദഗ്ധരുടെ അഭിപ്രായം ശേഖരിക്കും. ഇതിലെ നിര്‍ദേശങ്ങളെല്ലാം ക്രോഡീകരിച്ച് കരട് തയാറാക്കി അത് വീണ്ടും ചര്‍ച്ച ചെയ്തായിരിക്കും പ്രകടന പത്രിക തയാറാക്കുകയെന്ന് പിണറായി പറഞ്ഞു. ഇതിന്‍െറ ഭാഗമായി ജനുവരി രണ്ടാം വാരം തിരുവനന്തപുരത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രം  അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കും.

നാട്ടിലെ സ്പന്ദനം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നവരാണ് ഗള്‍ഫ് മലയാളികളെന്നും ഭാവി കേരളം സംബന്ധിച്ച് വ്യക്തമായ അഭിപ്രായമുള്ളവരാണ് അവരെന്നും പിണറായി പറഞ്ഞു. സാമൂഹിക രംഗത്തും ജീവിത നിലവാരത്തിലും കേരള മോഡല്‍ ഏറെ ശ്ളാഘിക്കപ്പെട്ടതാണെങ്കിലും സാമ്പത്തിക രംഗത്തും പശ്ചാത്തല സൗകര്യ വികസനത്തിലും ഏറെ പിറകിലാണ്. ധീരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കുന്ന, നാടിന്‍െറ വികസനത്തിന് പ്രാധാന്യം നല്‍കാവുന്ന സര്‍ക്കാരുകള്‍ ഉണ്ടായാലേ ഇതില്‍ മാറ്റം സാധ്യമാകൂ. ഓരോ രംഗത്തും കൃത്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാറ്റങ്ങള്‍ സാധ്യമാണ്-പിണറായി പറഞ്ഞു. രണ്ടരമണിക്കൂര്‍ നീണ്ട സംവാദത്തില്‍ 200 ഓളം പേര്‍ പങ്കെടുത്തു. ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
സദസ്സില്‍ നിന്നുയര്‍ന്ന വിവിധ വിഷയങ്ങളില്‍ പിണറായി വിജയന്‍െറ നിലപാടുകള്‍ ഇങ്ങനെ:
വ്യവസായ വികസനം
മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങളില്‍ കേരളത്തിന് താല്പര്യമില്ല. ധാരാളം ഭൂമി ആവശ്യമുള്ള വ്യവസായങ്ങളും കൊച്ചുസംസ്ഥാനത്ത് പ്രായോഗികമല്ല. കേരളത്തിന് യോജിച്ച നിരവധി വ്യവസായ രൂപങ്ങളുണ്ട്. അവ കണ്ടത്തെി അതില്‍ കേന്ദ്രീകരിക്കണം. നമ്മുടെ നാടിനോ മണ്ണിനോ വെള്ളത്തിനോ ഒരു കുഴപ്പവുമില്ല. മലയാളിക്ക് തൊഴില്‍ വൈദഗ്ധ്യവുമുണ്ട്. അത് ഉപയോഗിക്കുന്നതിലാണ് കുഴപ്പം. സംരംഭകര്‍ക്ക് എളുപ്പത്തില്‍ ഒൗദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംവിധാനമുണ്ടാക്കണം. തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തുടങ്ങാന്‍ പറ്റിയ വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ നിര്‍ദേശിക്കാനും അതിന് സഹായം നല്‍കാനും സംവിധാനം വേണം.
കാര്‍ഷിക മേഖല
കാര്‍ഷിക രംഗത്ത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കാനായാല്‍ പുരോഗതി നേടാനാകും. ചെറുപ്പക്കാരെ കുടുതലായി ഈ രംഗത്തേക്ക് ആകര്‍ഷിക്കണം. അതിന് കൃഷി ലാഭകരമാക്കാനാകണം. വെറുതെ കിടക്കുന്ന  ഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യണം. കൂട്ടുകൃഷിയും പ്രോത്സാഹിപ്പിക്കണം. വീട്ടുമുറ്റത്ത് പച്ചക്കറി കൃഷിക്ക് ശ്രമം നടത്തിയപ്പോള്‍ നല്ല പിന്തുണയാണ് ലഭിച്ചത്. ഇന്നത് ഒരു സംസ്കാരമായി വളര്‍ന്നു.
നോക്കുകൂലി
നോക്കുകൂലിക്ക് ഞങ്ങള്‍  എതിരാണ്. അധ്വാനിക്കാതെ കൂലി വാങ്ങുന്നതിനെ അനുകൂലിക്കാനാവില്ല. നോക്കുകൂലി നിയമവിരുദ്ധവുമാണ്്. എന്നാല്‍ കേരളത്തില്‍ ഇത് പൂര്‍ണമായി അവസാനിച്ചിട്ടില്ല. ഇത് ഇനിയും തുടരുന്നത് അനുവദിക്കാനാവില്ല.
ഹര്‍ത്താലുകള്‍
ഹര്‍ത്താലുകള്‍ പ്രതിഷേധത്തിന്‍െറ ഉയര്‍ന്ന രൂപമാണ്. അത് പൂര്‍ണമായി ഒഴിവാക്കാനാവില്ല. എന്നാല്‍ തീരെ നിസ്സാര കാര്യങ്ങള്‍ക്ക് ഹര്‍ത്താന്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കേണ്ടതു തന്നെയാണ്.
ടൂറിസം
ടൂറിസം മേഖലയില്‍ കേരളം തീരെ പിറകിലല്ളെങ്കിലും വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. ടൂറിസം മേഖലയില്‍ കേരള മോഡല്‍ അവതരിപ്പിക്കാന്‍ കഴിയും. ഗ്രാമങ്ങള്‍ പോലും ടൂറിസം കേന്ദ്രങ്ങളാക്കാന്‍ പറ്റും. വിദേശികളെ മാത്രമല്ല ആഭ്യന്തര സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ സാധിക്കണം. മാലിന്യ പ്രശ്നങ്ങളില്ലാത്ത വൃത്തിയുള്ള കേരളത്തെ ഇതിനായി ഒരുക്കിയെടുക്കണം. റോഡ്, റെയില്‍  വികസനവും ടൂറിസം വളര്‍ച്ചക്ക് പ്രധാനമാണ്. ഇതൊന്നും അസാധ്യമല്ല.
പൊതു-സ്വകാര്യ പങ്കാളിത്തം
ഇതിന് തങ്ങള്‍ പൂര്‍ണമായും എതിരല്ല. പൊതു താല്‍പര്യം സംരക്ഷിച്ചുകൊണ്ട് ഇത് നടപ്പാക്കാനാകും. ചില തദ്ദേശ സ്ഥാപനങ്ങളില്‍ ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
വിദ്യഭ്യാസം
കേരളത്തിലെ വിദ്യഭ്യാസ നിലവാരത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. അത് മെച്ചപ്പെടുത്താന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ വേണം.നേരത്തെ കേരളത്തില്‍ നിന്ന് പഠിച്ചു പുറത്തുപോയാല്‍ ആദരവ് ലഭിച്ചിരൂന്നു. ഇപ്പോള്‍ നേരെ തിരിച്ചാണ്. പരീക്ഷയിലും മൂല്യനിര്‍ണയത്തിലുമെല്ലാം ഇടിവുണ്ടായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.