ദുബൈ: വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന വന്‍ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തെ ദുബൈ പൊലീസിന്‍െറ സഹായത്തോടെ വലയിലാക്കി. 150 കോടി ദിര്‍ഹം വിലവരുന്ന ഒന്നര ടണ്‍ കൊക്കെയിനും 11 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേരെ ദുബൈ പൊലീസാണ് പിടികൂടിയതെന്ന് ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. മറ്റുള്ളവരെ ബ്രിട്ടന്‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നാണ് അവിടത്തെ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തത്.
കൊളംബിയയില്‍ നിന്ന് സ്പെയിനിലേക്ക് കൊണ്ടുപോവുകയായിരുന്നു കൊക്കെയിന്‍. സ്പെയിനിലെ വലയന്‍സിയയില്‍ വെച്ചാണ് മയക്കുമരുന്ന് കടത്തിയ കണ്ടെയിനര്‍ പിടികൂടിയത്.
കൊക്കെയിന്‍ പൊടി മരക്കട്ടപോലെയാക്കി കരി കൊണ്ടുപോകുന്ന ചാക്കില്‍ നിറച്ച നിലയിലാണ് പിടികൂടിയത്. ദുബൈയില്‍ പിടിയിലായ രണ്ടുപേരാണ് കടത്തിന്‍െറ സുത്രധാരന്മാരെന്ന് മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.
38 ഉം 39 ഉം വയസ്സുകാരായ ബ്രിട്ടീഷ് പൗരന്മാരെ ദുബൈയിലെ ഒരു ലക്ഷ്വറി അപാര്‍ട്മെന്‍റില്‍ നിന്ന് ഈ മാസം ഒന്നിനാണ് അറസ്റ്റ്ചെയത്ത്. ഇവരിലൊരാള്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ കള്ളക്കടത്തുകാരനാണെന്ന് ദുബൈ പൊലീസ് മേധാവി പറഞ്ഞു. ഇയാള്‍ ബ്രിട്ടനില്‍ നിരവധി കൊലകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണെന്ന് കരുതുന്നു. 2013 ഒക്ടോബറില്‍ തായ്ലന്‍റില്‍ നിന്നാണ് ഇയാള്‍ ദുബൈയില്‍ എത്തിയത്.
അന്നുമുതല്‍ ഇയാളെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ദുബൈ പൊലീസ് നിയോഗിച്ചിരുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ ഇവരില്‍ നിന്ന് മൊബൈല്‍ഫോണും ഒന്നര ടണ്‍ ചരക്ക് കപ്പലില്‍ അയച്ചതിന്‍െറ രേഖയും പണം വെളുപ്പിക്കലിന്‍െറ തെളിവുകളും പൊലീസ് പിടിച്ചെടുത്തിരുന്നു.
അഞ്ചു പേരെ സ്പെയിനിലൂം നാലു പേരെ ബ്രിട്ടനിലുമാണ് അറസ്റ്റ് ചെയ്തത്. ദുബൈയിലും ബ്രിട്ടനിലും അറസ്റ്റിലായവരെല്ലാം ബ്രിട്ടീഷ് പൗരന്മാരാണ്. സ്പെയിനില്‍ പിടിയിലായവരില്‍ രണ്ടു പേര്‍ കൊളംബിയക്കാരും രണ്ടു പേര്‍ പെറു സ്വദേശികളും ഒരാള്‍ സ്പാനിഷുകാരനുമാണ്. ബ്രിട്ടനിലെ നാഷണല്‍ ക്രൈം ഏജന്‍സി (എന്‍.സി.എ)യാണ് മയക്കുമരുന്നു വേട്ട ഏകോപിപ്പിച്ചത്.
ലിവര്‍പൂള്‍ വിമാനത്താവളത്തില്‍ വെച്ചാണ് മൂന്നുപേരെ എന്‍.സി.എ പിടികൂടിയത്.
ഓപ്പറേഷന്‍െറ പ്രാധാന്യം മനസ്സിലാക്കി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് ആല്‍ നഹ്യാനും തുടക്കം മുതല്‍ സംഭവഗതികള്‍ നിരീക്ഷിച്ചിരുന്നെന്ന് മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.